തമിഴ്‌നാട്ടില്‍ വീണ്ടും ഇ.ഡി; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്
national new
തമിഴ്‌നാട്ടില്‍ വീണ്ടും ഇ.ഡി; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th July 2023, 9:47 am

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട്ടില്‍ ഇ.ഡിയുടെ പരിശോധന. രാവിലെ ഏഴ് മണി മുതലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ. പൊന്മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കെ. പൊന്‍മുടിയുടെയും എം.പിയായ മകന്‍ ഗൗതം സിഗമണിയുടെയും ചെന്നൈയിലും വില്ലുപുരത്തുമുള്ള സ്ഥലങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നതെന്ന് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

പൊന്‍മുടി സംസ്ഥാന ഖനന മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏഴ് ഇ.ഡി ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്ഡ് നടത്തുന്നത്. സുരക്ഷക്കായി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ക്വാറി ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് 28 കോടി രൂപ അഴിമതി നടത്തി എന്നാണ്ണ് ആരോപണം. മുതിര്‍ന്ന ഡി.എം.കെ നേതാവും ഗതാഗത മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ ഇ.ഡിയുടെ സമാനമായ നടപടി കഴിഞ്ഞ മാസം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു  ഡി.എം.കെ നേതാവിനെ തേടിയും ഇ.ഡി എത്തുന്നത്.

1989, 2001, 2006 കാലയളവില്‍ ഡി.എം.കെ സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നയാളാണ് കെ. പൊന്മുടി. രണ്ട് പ്രധാനപ്പെട്ട കേസുകളില്‍ കഴിഞ്ഞമാസം ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പൊന്‍മുടിക്കും മറ്റ് ആറുപേര്‍ക്കുമെതിരെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡി.വി.എസി) രജിസ്റ്റര്‍ ചെയ്ത ഭൂമി കൈയേറ്റ കേസിലാണ് കഴിഞ്ഞ മാസം കുറ്റവിമുക്തനാക്കിയിരുന്നത്.

Content Highlight: Tamil Nadu Higher Education Minister K. ED’s inspection at Ponmudi’s house