ചെന്നൈ: സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയോര്‍ ഇ.വി. രാമസ്വാമിയുടെ ജന്മദിനം സാമൂഹ്യനീതി ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നിയമസഭയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
തമിഴരുടെ ഉന്നമനത്തിന് അടിത്തറയിട്ട നേതാവാണ് പെരിയോറെന്നും സാമൂഹ്യനീതി, സ്വാഭിമാനം, യുക്തിവാദം, തുല്യത തുടങ്ങിയ ആശയങ്ങളെ അദ്ദേഹം ഉയര്‍ത്തിപിടിച്ചെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
പെരിയോര്‍ ഉയര്‍ത്തിയ മൂല്യങ്ങള്‍ ഓര്‍മിക്കുന്നതിനും പിന്തുടരുന്നതിനും ജന്മദിനാചരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതി വന്നത് പാര്‍ലമെന്റില്‍ പോകാത്ത ഈ മനുഷ്യന്‍ കാരണമാണ്,’ സ്റ്റാലിന്‍ പറഞ്ഞു.
എല്ലാ വര്‍ഷവും പെരിയോര്‍ ജന്മദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ സാഹോദര്യം, സമത്വം, സ്വാഭിമാനം, യുക്തിവാദം എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാനത്തില്‍ മൂല്യങ്ങള്‍ പിന്തുടരുമെന്ന് പ്രതിജ്ഞ എടുക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെയും സ്ത്രീ-പുരുഷ വിവേചനത്തേയും എതിര്‍ത്ത പെരിയോര്‍ രാജ്യത്തിന്റെയാകെ ഭാവിയിലേക്കാണ് വെളിച്ചം വീശിയതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തെ ഭരണ-പ്രതിപക്ഷ മുന്നണിയിലെ എല്ലാ കക്ഷികളും സ്വാഗതം ചെയ്തിട്ടുണ്ട്.
1879 സെപ്റ്റംബര്‍ 17 ന് ജനിച്ച പെരിയോര്‍ 1973 ഡിസംബര്‍ 24 നാണ് മരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Tamil Nadu govt will celebrate Periyar’s birth anniversary as social justice day, says CM Stalin