രാജ്യവ്യാപകമായി ജാതി സെൻസെസ് നടത്തണം; പ്രമേയം പാസാക്കാനൊരുങ്ങി സ്റ്റാലിൻ
NATIONALNEWS
രാജ്യവ്യാപകമായി ജാതി സെൻസെസ് നടത്തണം; പ്രമേയം പാസാക്കാനൊരുങ്ങി സ്റ്റാലിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 3:30 pm

ന്യൂഡൽഹി: രാജ്യ വ്യാപകമായി ജാതി സെൻസെസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നിയമസഭ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

ജാതി സെൻസെസ് ഇല്ലാതെ ഇന്ത്യയിലൊട്ടാകെ സംവരണം കൊണ്ടുവരാൻ കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വണ്ണിയാർ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ലഭിക്കുന്നതിനെക്കുറിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ പി.എം.കെ ചോദിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഉന്നത വിദ്യാഭ്യാസ, സ്കൂൾ വിദ്യഭ്യാസ വകുപ്പുകൾക്ക് ഗ്രാന്റ് അനുവദിക്കണമെന്ന ചർച്ചയിലാണ് ഈ വിഷയം ഉയർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനോട് ജാതി സെൻസെസ് നടത്താൻ ആവശ്യപ്പെടാൻ പി.എം.കെ നേതാവ് ജെ.കെ മാണിയോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.

‘സംവരണ പ്രശ്നത്തിൽ ഒരു പരിഹാരം കാണണമെങ്കിൽ ജനസംഖ്യ സെൻസസിനോപ്പം കേന്ദ്ര സർക്കാർ ഉടൻ തന്നെ ജാതി സെൻസസും നടത്തണം. സംസ്ഥാന നിയമസഭയിലെ സമ്മേളനത്തിൽ ഞങ്ങൾ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്,’ സ്റ്റാലിൻ പറഞ്ഞു.

ജനറൽ സെൻസെസിനൊപ്പം ജാതി സെൻസെസ് കൂടി നടപ്പിലാക്കിയാൽ മാത്രമേ വണ്ണിയാർ സംവരണ പ്രശ്‌നം പരിഹരിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഭരണത്തിൽ തമിഴ്‌നാട് സർക്കാർ വണ്ണിയാർ സമുദായത്തിന് ഏറ്റവും പിന്നോക്ക വിഭാഗങ്ങളുടെ ക്വാട്ടയിൽ സംവരണം നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയും സുപ്രിംകോടതിയും അത് റദ്ദാക്കിയിരുന്നു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷവും പ്രത്യേകിച്ച് ഇന്ത്യ സഖ്യവും ഉയർത്തിയ പ്രധാന പ്രശ്‍നങ്ങളിലൊന്നാണ് ജാതി സെൻസെസ് നടത്തണമെന്ന ആവശ്യം. തമിഴ്‌നാട് മുഖ്യമത്രി എം.കെ സ്റ്റാലിൻ , കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ രാജ്യവ്യാപകമായി തന്നെ ജാതി സെൻസെസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പുതിയ സർക്കാർ നടത്തുന്ന ആദ്യത്തെ തീരുമാനം ജാതി സെൻസെസ് നടത്തുക എന്നതാവുമെന്ന് കോൺഗ്രസ് പ്രചരണ വേളയിൽ പറഞ്ഞിരുന്നു.

Content Highlight: Tamil Nadu Govt to Pass Resolution in Assembly Seeking Nationwide Caste Census: MK Stalin