മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ വരേണ്ടതില്ല; ഒടുവില്‍ നിലപാട് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍
national news
മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ വരേണ്ടതില്ല; ഒടുവില്‍ നിലപാട് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2019, 11:06 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകണമെന്ന സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് നിലപാട് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍.

ജനുവരി 16ന് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പരീക്ഷാ പേടിയെ സംബന്ധിച്ചുള്ള പ്രസംഗത്തിനാണ് കുട്ടികള്‍ വരണമെന്ന് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

പൊങ്കല്‍ അവധിയ്ക്കിടെയാണ് മോദിയുടെ പ്രസംഗം. എന്നാല്‍ പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 15 മുതല്‍ 17 വരെ അവധിയാണ്.

ബി.ജെ.പിയുടെ പ്രചാരണപരിപാടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിക്കുന്നതില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

വിദ്യാഭ്യാസവകുപ്പു മന്ത്രി കെ.എ സെങ്കൊട്ടിയന്‍ സര്‍ക്കുലര്‍ ഇറക്കിയെന്ന വാദത്തെ തന്നെ നിഷേധിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും സ്‌കൂളില്‍ വരേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘വീട്ടില്‍ ടിവിയില്ലാത്ത കുട്ടികള്‍ മാത്രം സ്‌കൂളില്‍ വന്ന് പ്രസംഗം കേട്ടാല്‍ മതി’- പളനി സ്വാമി ട്വീറ്റ് ചെയ്തു.

നിര്‍ബന്ധമല്ലെങ്കില്‍ പിന്നെ എന്തിനാണ് അത്തരത്തിലൊരു സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് ആദ്യമിറക്കിയതെന്ന് ചോദിച്ച് സ്റ്റാലിന്‍ മറുപടിയായി ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. കണ്ണപ്പന്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോടും ഒന്‍പതാം ക്ലാസുമുതല്‍ 12ാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളോട് അന്നേദിവസം സ്‌കൂളിലെത്തി പ്രസംഗം കേള്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരീക്ഷ പേ ചര്‍ച്ച 2020 എന്ന പരിപാടിയില്‍ ജനുവരി 16 ന ന്യൂദല്‍ഹിയിലെ ടാല്‍കോട്ടാറ സ്‌റ്റേഡിയത്തില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേടിയെ സംബന്ധിച്ച പ്രസംഗം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച ഒരു കത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും കേടായ ടിവികള്‍ നന്നാക്കണമെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്. തുടര്‍ച്ചയായി വൈദ്യുതി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ജനറേറ്ററുകള്‍ സ്ഥാപിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.