ചെന്നൈ: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ജാതിയോ മതമോ വ്യക്തമാക്കുന്ന ചരടുകള്‍ കൈയ്യില്‍ കെട്ടുന്നത് കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, നിരോധനം ആവശ്യമില്ലെന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി കെ.എ ശെങ്കോട്ടയ്യന്‍.
കൈചരടുകള്‍ക്കൊപ്പം മത ചിഹ്നങ്ങളോ അടയാളങ്ങളോ ഉള്‍പ്പെടുന്ന ആഭരണങ്ങളോ തിലകക്കുറികളോ ഉപയോഗിക്കരുതെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വിവേചനപരമായ മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കണമെന്നും വിദ്യാലയങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.
‘തമിഴ്‌നാട്ടിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മഞ്ഞയും ചുവപ്പും പച്ചയും നിറങ്ങളിലുള്ള ചരടുകള്‍ കൈയ്യില്‍ കെട്ടുന്നുണ്ട്. ചരടുകളുടെ നിറങ്ങള്‍ ഓരോ ജാതിയെയുമാണ് പ്രതിനിധീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ജാതിയാണോ താഴ്ന്ന ജാതിയാണോ എന്ന് കൈയിലെ ചരടുകളുടെ നിറം നോക്കി മനസിലാവും. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും അധ്യാപകരിലും ജാതി ചിന്ത ഉയരാന്‍ സാധ്യതയുണ്ട്’, സര്‍ക്കുലറില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എസ് കണ്ണപ്പന്‍ പറയുന്നു.
എന്നാല്‍, ഈ തീരുമാനത്തെ പൂര്‍ണമായും നിഷേധിക്കുകയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രിയും എ.ഐ.എ.ഡി.എം.കെയുടെ നേതാവുമായ കെ.എ ശെങ്കൊട്ടയ്യന്‍. സ്‌കൂളുകളില്‍ ഇത്തരം ചരടുകള്‍ക്ക് നിരോധനമില്ലെന്നാണ് ശെങ്കൊട്ടയ്യന്റെ വാദം. നിരോധന തീരുമാനം
തന്റെ അറിവോടെയല്ലെന്നും ഇദ്ദേഹം പറയുന്നു. രാഷ്ട്രീയ വിവാദം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നവരാണ് ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പിന്നിലെന്ന് ശെങ്കൊട്ടയ്യന്‍ പറഞ്ഞു.
വിദ്യാഭ്യാസമന്ത്രിയെ പിന്തുണച്ച് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് എച്ച് രാജയും രംഗത്തെത്തിയിട്ടുണ്ട്. ചരടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് ബി.ജെ.പിയുടെ ഉപദേശം.
സര്‍ക്കുലറിനെതിരെ ബി.ജെ.പി രംഗത്തെത്തിയതോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടും ചര്‍ച്ചയാവുകയാണ്.