| Tuesday, 9th January 2024, 9:50 pm

സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി തമിഴ്‌നാട് ഗവര്‍ണര്‍; വിവാദ വിഞ്ജാപനങ്ങള്‍ പിന്‍വലിച്ച് ആര്‍.എന്‍. രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വിവാദമായ മൂന്ന് വിഞ്ജാപനങ്ങള്‍ പിന്‍വലിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മൂന്ന് സര്‍വകലാശാലകളിലേക്കുള്ള വി.സി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചത് പിന്‍വലിച്ചതായും രാജ്ഭവന്‍ അറിയിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളെ മുന്‍നിര്‍ത്തിക്കൊണ്ട് യു.ജി.സി നോമിനിയെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്ഭവന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. വിഞ്ജാപനങ്ങള്‍ പിന്‍വലിച്ചതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിദ്യഭ്യാസ മേഖലക്കും വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന അവസ്ഥയില്ലെന്നും രാജ്ഭവന്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയിലെ തമിഴ്‌നാട് ടീച്ചേര്‍സ് എഡ്യൂക്കേഷന്‍ യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവയിലെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്നതിനായി സെര്‍ച്ച് കം സെക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞ വര്‍ഷം ഒരു വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അടുത്ത കാലങ്ങളിലായി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധികള്‍ ഗവര്‍ണറുടെ വിഞ്ജാപനങ്ങളെ തള്ളി.

2018ലെ യു.ജി.സി ചട്ടങ്ങള്‍ക്ക് അനുസൃതമായി സര്‍വകലാശാലയെ നിയന്ത്രിക്കുന്ന നിയമപരമായ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താന്‍ പുതുച്ചേരി സര്‍ക്കാരിനും പുതുച്ചേരി സാങ്കേതിക സര്‍വകലാശാലക്കും മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ നവംബറില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ സര്‍വകലാശാലകള്‍ സംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ ഇരുകൂട്ടരും ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പ്രസ്തുത കൂടിക്കാഴ്ച നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഭരണം സംബന്ധിച്ച വിഷയത്തില്‍ രാജ്ഭവനും ഡി.എം.കെയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് ഗവര്‍ണറുടെ ഈ തീരുമാനം.

Content Highlight: Tamil Nadu Governor withdraws controversial announcements

We use cookies to give you the best possible experience. Learn more