ചെന്നൈ: തമിഴ്‌നാട്ടില്‍ 2024ലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയി ഗവര്‍ണര്‍ ആര്‍.എന്‍. രവി. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ആര്‍. എന്‍. രവി പറഞ്ഞു.
പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ വസ്തുതാ വിരുദ്ധവും ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണെന്നും തമിഴ്നാട് ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപനം വായിച്ചാല്‍ ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാവുമെന്നും ആര്‍. എന്‍. രവി നിയമസഭയില്‍ പറഞ്ഞു.
ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നിയമസഭയില്‍ ഇരുത്തിക്കൊണ്ട് സ്പീക്കര്‍ എം. അപ്പാവു ന്യായപ്രഖ്യാപനം വായിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമസഭയിലെ ചര്‍ച്ചകള്‍ സംസ്ഥനത്തെ ജനങ്ങളുടെ വികസനത്തിന് വേണ്ടിയായിരിക്കട്ടേയെന്ന് പറഞ്ഞുകൊണ്ട് ആര്‍.എന്‍. രവി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
പ്രസംഗത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും നിയമസഭയിലെ മറ്റ് അംഗങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു തുടങ്ങിയ ആര്‍.എന്‍. രവി, തിരുക്കുറലിലെ രണ്ട് വരികള്‍ നിയമസഭയില്‍ പാടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് പ്രസംഗത്തിന്റെ ഭാഗമാണോ എന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരണഘടനാപരമായി ഒരു വര്‍ഷത്തെ നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത് ഗവര്‍ണര്‍ നയപ്രഖ്യാപനം വായിച്ചുകൊണ്ടാണ്. എന്നാല്‍ ഗവര്‍ണറുടെ സ്ഥാനത്ത് നിയമസഭാ സ്പീക്കര്‍ നയപ്രഖ്യാപന പ്രസംഗം വായിക്കുന്നത് അപൂര്‍വമായ കാഴ്ചയാണെന്നാണ് വിലയിരുത്തല്‍.
ഗവര്‍ണര്‍ അംഗീകാരം നല്‍കിയ നയപ്രഖ്യാപനം സഭയിലേക്ക് എത്തുമ്പോള്‍ അതില്‍ വസ്തുതാ വിരുദ്ധമായ വിഷയങ്ങള്‍ അടങ്ങിയിട്ടുണ്ടന്ന് ആര്‍.എന്‍. രവി വാദിക്കുന്നത് രാഷ്ട്രീയ സ്വാധീനത്താല്‍ ആണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപനത്തിലും ഗവര്‍ണര്‍ ഇത്തരത്തിലുളള നീക്കങ്ങള്‍ നടത്തിയിരുന്നു. പ്രസംഗത്തില്‍ നിന്ന് ബി.ആര്‍. അബേദ്ക്കര്‍, ദ്രാവിഡ നേതാക്കള്‍, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങള്‍ ഒഴിവാക്കിയെന്നും അതിനെ തുടര്‍ന്ന് എം.കെ. സ്റ്റാലിന്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. പ്രമേയം സഭ പാസാക്കിയതോടെ ഗവര്‍ണര്‍ സഭ വിട്ട് പോവുകയും ചെയ്തിരുന്നു.
സമാനമായ രീതിയിലാണ് ഈ വര്‍ഷവും ഗവര്‍ണര്‍ ആര്‍.എന്‍. നിയമസഭയില്‍ പെരുമാറിയിട്ടുള്ളത്.
Content Highlight: Tamil Nadu Governor R.N. Ravi walked out of the assembly without reading the policy announcement