|

പുതിയ ക്രിമിനൽ നിയമങ്ങളിൽ സംസ്ഥാനതലത്തിൽ ഭേദഗതി കൊണ്ടുവരാൻ സമിതിയെ നിയോ​ഗിച്ച് തമിഴ്‌നാട് സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പഠിക്കാനും സംസ്ഥാനതല ഭേദഗതികള്‍ ശുപാര്‍ശ ചെയ്യാനും ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവ ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നത്.

പുതിയ നിയമങ്ങള്‍ക്കെതിരെ വിദഗ്ധരും വിവിധ സര്‍ക്കാരുകളും ആശങ്ക പ്രകടിപ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പാക്കുകയായിരുന്നു. നിയമത്തിനെതിരെ ജൂണില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതുവരെ പുതിയ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചാണ് സ്റ്റാലിന്‍ കത്തയച്ചത്.

തിങ്കളാഴ്ചയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി കെ.സത്യനാരായണന്റെ നേതൃത്വത്തില്‍ നിയമം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. പുതിയ നിയമങ്ങളുടെ മാറ്റം സമിതി പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഭേദഗതികള്‍ ശുപാര്‍ശ ചെയ്യുന്നതിന് അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുമായി സമിതി കൂടിയാലോചന നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ശേഷം ഒരുമാസത്തിനകം സര്‍ക്കാരിന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.

സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെയും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടത്താതെയുമാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് രാജ്യത്തുടനീളം നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമായെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

അടുത്തിടെ, പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്‌കൃതം പേരുകൾ നൽകിയതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകൻ ഹരജി ഫയൽ ചെയ്തിരുന്നു. തൂത്തുക്കുടിയിലെ അഭിഭാഷകനായ ബി. രാംകുമാർ ആദിത്യൻ ആണ് പൊതുതാത്പര്യഹരജി ഫയൽ ചെയ്തത്.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്ന നിയമങ്ങളാണ് സർക്കാർ യഥാക്രമം ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരമായി കൊണ്ടുവന്ന നിയമങ്ങൾ. നിയമങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ ഇംഗ്ലീഷിലേക്ക് തന്നെ പുനർനാമകരണം ചെയ്യണമെന്നാണ് ഹരജി.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഒന്നാം ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് പൊതുതാത്പര്യ ഹരജി ഫയൽ ചെയ്തത്.

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ഇംഗ്ലീഷിൽ പുനർനാമകരണം ചെയ്യുന്നതിനുള്ള തൻ്റെ ഹർജി തീർപ്പാക്കുന്നതുവരെ ഈ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിലക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

‘ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്ളപ്പോൾ ഒമ്പത് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി ഉള്ളത്. രാജ്യത്തെ ജനസംഖ്യയിൽ 43.63 ശതമാനം പേർ മാത്രമേ ഹിന്ദി സംസാരിക്കുന്നുള്ളൂ. ബാക്കിയുള്ളവർ മറ്റ് ഭാഷകൾ സംസാരിക്കുന്നവരാണ്.

2011 ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിൽ ഏകദേശം 3.93 ലക്ഷം ആളുകൾ മാത്രമാണ് മാത്രമേ ഹിന്ദി സംസാരിക്കുന്നത്. നിലവിലെ ഈ അവസ്ഥയിലാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദിയിലും സംസ്‌കൃതത്തിലും പേരിടാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്,’ ബി. രാംകുമാർ പറഞ്ഞു.

Content Highlight: Tamil Nadu government sets up panel to recommend state amendments to new criminal laws

Latest Stories