| Friday, 30th September 2022, 8:29 pm

നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്ന ആളുകള്‍ക്ക് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാന്‍ അനുമതി തേടാനാവില്ല: തമിഴ്‌നാട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്ന ആളുകള്‍ക്ക് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാന്‍ അനുമതി തേടാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ആര്‍.എസ്.എസ് ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനിടയിലെ വാദത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.

മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്നല്ല സര്‍ക്കാര്‍ വിലക്കെന്നും നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്ന ആളുകള്‍ക്ക് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാന്‍ അനുമതി തേടാനാവുമോ എന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചു.

ഒക്ടോബര്‍ രണ്ടിന് മാത്രമേ മാര്‍ച്ച് നടത്താന്‍ പൊലീസിന് എതിര്‍പ്പുള്ളൂവെന്നും മറ്റേതെങ്കിലും ദിവസം അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ തയ്യാറാണെന്നും തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ആര്‍.എസ്.എസ് പരിപാടി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്ന ഏഴ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങളിലെ എന്‍.ഐ.എ റെയ്ഡുകള്‍ നടക്കുന്നതും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പലയിടത്തും പെട്രോള്‍ ബോംബ് ആക്രമണം നടന്നതും അനുമതി നിരസിക്കാനുള്ള കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പി.എ.ഫ്ഐക്കെതിരായ നടപടി മൂലം ക്രമസമാധാന തകരാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്കീല്‍ എന്‍.ആര്‍. ഇളങ്കോ കോടതിയെ അറിയിച്ചു.

റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍.എസ്.എസ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് വിശദമായ വാദം നടന്നത്.

ആര്‍.എസ്.എസ് തിരുവള്ളൂര്‍ ജോയിന്റ് സെക്രട്ടറി ആര്‍. കാര്‍ത്തികേയനാണ് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹരജി കോടതി പരിഗണിച്ചത്.

CONTENT HIGHLIGHTS:  Tamil Nadu government says People celebrating Nathuram Godse cannot seek permission to celebrate Mahatma Gandhi’s birthday

We use cookies to give you the best possible experience. Learn more