കൂടംകുളം സമരക്കാര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിയ്ക്കാനാവില്ല: തമിഴ്‌നാട് സര്‍ക്കാര്‍
India
കൂടംകുളം സമരക്കാര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിയ്ക്കാനാവില്ല: തമിഴ്‌നാട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st April 2014, 10:18 am

[share]

[] ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിലെ സമരക്കാര്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിയ്ക്കാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടത് ഗുരുതരമായ കുറ്റങ്ങളാണ് എന്ന് ചൂണ്ടികാണിച്ചാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത. രജിസ്റ്റര്‍ ചെയ്ത 349 കേസുകളില്‍ 101 കേസുകളും ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രീം കോടതിയിലാണ് സമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

40 കേസുകള്‍ സ്വകാര്യ വ്യക്തിക്കള്‍ക്കെതിരെയുള്ളതും 55 കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ളതുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേസ് പിന്‍വലിച്ചു കൊണ്ടുള്ള നടപടിയുണ്ടായാല്‍ അത് നിയമത്തിലുള്ള വിശ്വാസ്യത ഇല്ലാതാക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിയ്ക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടപടിയില്‍ വിവേചനമുണ്ടായെന്ന് ആക്ഷേപമുണ്ടാവുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കൂടംകുളം സമരനേതാവ് ഉദയകുമാര്‍ ഉള്‍പ്പെടെ സമരനേതാക്കളില്‍ നല്ലൊരു ശതമാനവും ആം ആദ്മി പാര്‍ട്ടി അംഗങ്ങളാണ്. ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമാണ്.സമരസമിതിഅംഗങ്ങളോട് ജയലളിത സര്‍ക്കാര്‍ വിവേചനമാണ് കാണിയ്ക്കുന്നതെന്ന് ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള സമര നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍ കോടതിയുടെ തീരുമാനം കൂടി കണക്കിലെടുത്താവും ഇക്കാര്യത്തില്‍ അന്തിമ വിധി ഉണ്ടാവുക. കൂടംകുളം സമര്‍ക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ സത്യവാങ്മൂലം.