ചെന്നൈ: നാഗപട്ടണം വേദാരണ്യത്ത് സവര്‍ണര്‍ തകര്‍ത്ത അംബേദ്കര്‍ പ്രതിമ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ന്ന പ്രതിമ സ്ഥിതി ചെയ്ത അതേസ്ഥലത്ത് തന്നെയാണ് പുതിയ പ്രതിമ സ്ഥാപിച്ചത്.
രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അംബേദ്കറുടെ പ്രതിമ തകര്‍ത്തത്. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. വന്‍ പൊലീസ് സംഘത്തെയാണ് വേദാരണ്യത്തും സമീപ പ്രദേശങ്ങളിലും നിയോഗിച്ചിരിക്കുന്നത്.
ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ സവര്‍ണ വിഭാഗത്തില്‍പ്പെട്ട ആളുടെ കാര്‍ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങുന്നത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് കാര്‍ ഒരു കൂട്ടം ആളുകള്‍ എറിഞ്ഞു തകര്‍ത്തു. ഇതിന് പ്രതികാരമായാണ് അംബേദ്കറുടെ പ്രതിമ തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തതിന്റെ ഉത്തരവാദി ഭിന്നിപ്പിച്ച് ഭരിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു.
‘ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സാമൂഹിക പുരോഗതിയിലേക്ക് നയിക്കുന്നില്ല. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മെച്ചപ്പെട്ട സാമൂഹിക സാഹചര്യത്തിനായി ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും’ കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.