| Friday, 10th May 2024, 6:15 pm

തമിഴ്‌നാട്ടില്‍ കോളേജില്‍ ചേരുന്ന ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് കോളേജില്‍ ചേരുന്ന ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ലഭിക്കുന്ന പദ്ധതിയുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. ‘തമിഴ് പുതല്‍വന്‍’ എന്ന് പേരിട്ട പദ്ധതി ഈ വര്‍ഷം ജൂണ്‍ മുതല്‍ നടപ്പിലാകും. ഇതിനായി 360 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

12ാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന കല്ലൂരി കനവ് പരിപാടിയില്‍ വെച്ച് ചീഫ് സെക്രട്ടറി ശിവദാസ് മീണയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നേരത്തെ തന്നെ തമിഴ്‌നാട്ടില്‍ നിലവിലുണ്ട്. ഈ മാതൃക പിന്തുടര്‍ന്നാണ് പുതിയ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുള്ളത്.

ആറ് മുതല്‍ 12 വരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചതിന് ശേഷം അംഗീകൃത സ്ഥാപനങ്ങളില്‍ ബിരുദത്തിനോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ ചേരുന്ന ആണ്‍കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ്രതിമാസം 1000 രൂപ വീതം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്കെത്തും വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ 2022 മുതല്‍ ഉന്നദവിദ്യാഭ്യാസത്തിന് ചേരുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാറില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ‘പുതുമൈ പെണ്‍’ എന്ന് പേരിട്ട ഈ പദ്ധതി പ്രകാരം 1000 രൂപ വീതം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 273000 പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

കോളേജില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാനും ഈ പദ്ധതി കാരണമായിട്ടുണ്ടെന്നാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളുടെ എണ്ണത്തെക്കാള്‍ കുറവാണ്. പുതിയ പദ്ധതി പ്രകാരം കൂടുതല്‍ ആണ്‍കുട്ടികള്‍ ഉന്ന വിദ്യാഭ്യാസ മേഖലയിലേക്ക് എത്തുമെന്നും സര്‍ക്കാര്‍ കരുതുന്നു.

content highlights: Tamil Nadu government plans to give Rs 1000 per month to college-going boys

We use cookies to give you the best possible experience. Learn more