ചെന്നൈ: തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ ബി.ജെ.പിയുടെ സംസ്ഥാനയാത്രയ്ക്ക് അനുമതി നിഷേധിച്ച് എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍. വെട്രിവേല്‍ യാത്ര എന്ന പേരിട്ട് ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി നടത്താനിരുന്ന യാത്രയ്ക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
കൊവിഡ് 19 ചട്ടപ്രകാരമാണ് നടപടിയെന്ന് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ് യാത്ര നടത്താന്‍ ബി.ജെ.പി ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കെ യാത്ര അനുവദിക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. മാത്രമല്ല യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവും.
ഇത് സംഘര്‍ഷത്തിനിടയാക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ സഖ്യത്തിലെ ഭിന്നതകളാണ് മറനീക്കി പുറത്തുവരുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ എം.ജി.ആറിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയോട് പറഞ്ഞിരുന്നു.
സഖ്യത്തില്‍ അറുപത് സീറ്റില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരുക വിശ്വാസികളെ ലക്ഷ്യമിട്ടുള്ള യാത്രയും ബി.ജെ.പി സംഘടിപ്പിച്ചത്.
തമിഴ്‌നാട്ടിലെ ഹിന്ദുമത വിശ്വാസികളില്‍ വലിയ വിഭാഗവും പ്രധാനമായി പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകന്റെ ആയുധമാണ് വേല്‍. ആ വേലിനെ ഉയര്‍ത്തിക്കാട്ടി, വേലിനെയും മുരുകനെയും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നത്.
”നിങ്ങള്‍ കേരളത്തില്‍ എങ്ങനെയാണോ അയ്യപ്പസ്വാമിയെ കാണുന്നത് അതേ പോലെയാണ് ഇവിടെ മുരുകന്‍. ആ മുരുകനെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും.”- എന്നായിരുന്നു ബി.ജെ.പി നേതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നത്.
യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കളേയും യാത്രയുടെ പലഘട്ടങ്ങളിലായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tamil Nadu government denies BJP permission to conduct Vetri Vel Yatra