ചെന്നൈ: തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ തമിഴില്‍ പ്രാര്‍ത്ഥന നടത്താന്‍ അവസരം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’ (മാതൃഭാഷയായ തമിഴില്‍ പ്രാര്‍ത്ഥന) അവതരിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.
‘ഈ ആശയം 1974 -ല്‍ വിഭാവനം ചെയ്തതാണ്, ഇതിന് മുമ്പും ഇത് സംസ്ഥാനത്തുണ്ടായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഉപദേശപ്രകാരം ഞങ്ങള്‍ ഇത് നടപ്പിലാക്കി. ഇത് എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തും, പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല,” തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു പറഞ്ഞു.
പൂജാരിമാര്‍ക്ക് തമിഴ് പ്രാര്‍ത്ഥനകള്‍ എങ്ങനെ നടത്താമെന്നതിനെക്കുറിച്ചുള്ള ഒരു കോഴ്‌സ് നല്‍കിയിട്ടുണ്ട്. തമിഴില്‍ പ്രാര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തരെ സഹായിക്കുന്നതിന് തമിഴില്‍ പ്രാര്‍ത്ഥന നടത്താന്‍ കോഴ്‌സ് ലഭിച്ച പൂജാരിമാരുടെ പേരുകളും മൊബൈല്‍ നമ്പറുകളും ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അതേസമയം, സംസ്‌കൃതത്തിലുള്ള പ്രാര്‍ത്ഥന തുടരുകയും ചെയ്യും.
പൂജാരിമാരെ പരിശീലിപ്പിച്ചതിനു ശേഷം സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥനയ്ക്കായി തമിഴ് ഭാഷാ തെരഞ്ഞെടുക്കാനുള്ള അവസരം വിപുലീകരിക്കാനാകുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ ഡി.എം.കെ എതിര്‍ത്തിരുന്നു. 1960 കളില്‍ പാര്‍ട്ടിയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള ഘടകമായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Tamil Nadu Gives Option To Pray In Tamil At 47 Temples In State