| Tuesday, 5th June 2018, 9:22 am

നീറ്റ് പരീക്ഷയില്‍ പരാജയം; പതിനേഴുകാരി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വില്ലുപുരം സ്വദേശിയായ പ്രതിഭയയെയാണ് (17)ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍-ഡെന്റല്‍ കോഴ്‌സുകളിലേക്ക് നടത്തുന്ന യോഗ്യത പരീക്ഷയായ നീറ്റിനായി ഇത് രണ്ടാം തവണയാണ് പ്രതിഭ ശ്രമിച്ചത്. എന്നാല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നുളള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കര്‍ഷകനായ ഷണ്‍മുഖോത്തമിന്റെയും അമുതയയുടെയും മകളായ പ്രതിഭയ്ക്ക് ജൂനിയര്‍ സ്‌കൂള്‍ എക്‌സാമുകളില്‍ മികച്ച വിജയം ലഭിച്ചിരുന്നതാണ്. ഡോക്ടറാകാന്‍ മകള്‍ ഏറെ ആഗ്രഹിച്ചിരുന്നതായി പിതാവ് പറയുന്നു.


ALSO READ: സ്റ്റേറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ ഇന്ത്യയിലെ നാല് പൊതുമേഖല ബാങ്കുകള്‍ ലയിക്കാനൊരുങ്ങുന്നു; ലയനം ബാങ്കുകള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനെന്ന് സര്‍ക്കാര്‍


എന്നാല്‍ ഇന്നലെ നീറ്റ് പരീക്ഷാഫലം അറിഞ്ഞതോടെ പ്രതിഭ അസ്വസ്ഥയായിരുന്നു. ഇതേത്തുടര്‍ന്നാണ് വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് പ്രതിഭ ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ തിരുനെല്‍വേലിക്ക് സമീപമുളള ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അരിയല്ലൂര്‍ സ്വദേശിയായ അനിത ആത്മഹത്യ ചെയ്തത്. ബോര്‍ഡ് എക്‌സാമുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥി കൂടിയായിരുന്നു അനിത.

ഇത്തരത്തില്‍ വിദ്യാര്‍ഥി ആത്മഹത്യകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യം സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more