അരിക്കൊമ്പന്‍ മിഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തമിഴ്‌നാട് വനം വകുപ്പ്; മയക്കുവെടിവെച്ച് പിടികൂടി
Kerala News
അരിക്കൊമ്പന്‍ മിഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തമിഴ്‌നാട് വനം വകുപ്പ്; മയക്കുവെടിവെച്ച് പിടികൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2023, 8:05 am

തേനി: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി തമിഴ്‌നാട് വനം വകുപ്പ്. ഞായറാഴ്ച രാത്രി തേനി ജില്ലയിലെ പൂശാരംപട്ടിക്ക് സമീപം ജനവാസ കേന്ദ്രത്തിലേക്ക് ആന കാടുവിട്ട് ഇറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവെച്ചത്. ആനയുടെ കാലുകള്‍ ബന്ധിപ്പിച്ച് എലഫെന്റ് ആമ്പുലന്‍സില്‍ കയറ്റിയിരിക്കുകയാണിപ്പോള്‍. അനയുമായി വാഹനം പുറപ്പെട്ടിട്ടുണ്ട്.

വെള്ളിമല വനത്തിലേക്കാണ് അരിക്കൊമ്പനെ മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടേക്ക് മാറ്റിയാല്‍ അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് തമിഴ്‌നാട് വനം വകുപ്പ് കണക്കുകൂട്ടുന്നത്. വെള്ളിമല ജനവാസ മേഖലയില്‍ നിന്ന് വളരെ അകലെയാണ്.

മൂന്ന് കുംകിയാനകളെ ഉപയോഗിച്ച് രണ്ട് ഡോസ് മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്. പിടികൂടിയ സ്ഥലം അനുയോജ്യമായതിനാല്‍ കേരളത്തില്‍ ഉണ്ടായിരുന്ന അത്ര വെല്ലുവിളി തമിഴ്‌നാട് വനം വകുപ്പിന് നേരിടേണ്ടിവന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള സംഘം ഉള്‍പ്പെടെ 200ഓളം ആളുകള്‍ ദൗത്യത്തിന്റെ ഭാഗമായി.

ചിന്നക്കനാലിലെ പ്രതികൂലമായ ഭൂപ്രകൃതിയാണ് കേരളത്തില്‍ അരിക്കൊമ്പന്‍ ദൗത്യത്തെ സങ്കീര്‍ണമാക്കിയിരുന്നത്. നാല് കുംകിയാനകള്‍ ചേര്‍ന്ന് നിന്നിട്ടും അരിക്കൊമ്പന്‍ ദൗത്യം ഇവിടെ ദുഷ്‌ക്കരമായിരുന്നു.