ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 32 മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയും അഞ്ച് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ തിങ്കളാഴ്ച മത്സ്യത്തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വടക്കൻ മാന്നാർ മേഖലയ്ക്ക് സമീപം മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. ഇത് തീരദേശ സമൂഹത്തിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
ശനിയാഴ്ച, 450 ബോട്ടുകളിലായി 5,000 മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ ശ്രമിച്ചപ്പോൾ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേനയുടെ പട്രോളിങ് കപ്പലുകൾ അവരെ തടയുകയായിരുന്നു. പിന്നാലെ നാവികസേന അഞ്ച് ബോട്ടുകൾ പിടിച്ചെടുത്തു. 32 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത മത്സ്യ തൊഴിലാളികളെ തലൈമന്നാർ നാവിക ക്യാമ്പിലേക്ക് മാറ്റി.
സഹ മത്സ്യത്തൊഴിലാളികളെയും പിടിച്ചെടുത്ത ബോട്ടുകളെയും ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ കടലിൽ ഇറങ്ങാൻ വിസമ്മതിച്ചു. രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് 700 ബോട്ടുകൾ കടലിലിറങ്ങാതെ നങ്കൂരമിട്ടു. പണിമുടക്ക് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്നും ഇത് പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ വേഗത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും മറ്റ് തീരദേശ ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും മത്സ്യത്തൊഴിലാളി നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മത്സ്യബന്ധന അവകാശങ്ങളെച്ചൊല്ലിയുള്ള ദീർഘകാല തർക്കം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ വിമർശിച്ചു.
ഫെബ്രുവരി ആദ്യം, സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയും അവരുടെ രണ്ട് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ വടക്കൻ മാന്നാർ മേഖലയ്ക്ക് സമീപം ശ്രീലങ്കൻ നാവിക പട്രോളിങ് കപ്പൽ തടയുകയായിരുന്നു.
Content Highlight: Tamil Nadu fishermen go on indefinite strike after Sri Lankan Navy arrests 32