| Thursday, 29th November 2018, 2:23 pm

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷക മാര്‍ച്ച്; പാര്‍ലമെന്റിന് മുന്നില്‍ തടഞ്ഞാല്‍ നഗ്നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ കൂറ്റന്‍ റാലിയുമായി കര്‍ഷകര്‍.

നാളത്തെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദല്‍ഹിയിലേയ്ക്ക് പ്രതിഷേധിച്ചെത്തുകയാണ്. കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം കര്‍ഷക സംഘടനകളാണ് നാളെത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തിയത്. നാളെ പാര്‍ലമെന്റിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.


ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, എന്റെ രാജ്യസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു: മിതാലി രാജ്


“”പാര്‍ലമെന്റ് പ്രതിഷേധത്തില്‍ നിന്നും പൊലീസ് തങ്ങളെ തടഞ്ഞാല്‍ നഗ്നരായി പ്രതിഷേധിക്കാനാണ് തീരുമാനം. “”കര്‍ഷക സംഘംനേതാവ് അയ്യക്കണ്ണ് പറഞ്ഞു.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. വിളയ്ക്ക് ന്യായ വില ലഭിക്കുകയെന്നതും. കര്‍ഷര്‍ക്ക് 5000 രൂപയെങ്കിലും പെന്‍ഷന്‍ വേണം. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത ഞങ്ങളുടെ സ്വന്തക്കാരുടെ തലയോട്ടിയുമാണ് ഈ പ്രതിഷേധം. പ്രതിഷേധമല്ലാതെ ഞങ്ങളുടെ മുന്നില്‍ വേറെ വഴിയില്ല- അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വിത്തുകളുടെ വൈവിധ്യം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധം. ഒന്നര വര്‍ഷത്തിനിടെ നാലാം തവണയാണ് ദല്‍ഹിയിലേയ്ക്ക് കര്‍ഷക സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്.

ഇന്നും നാളെയുമായി നടക്കുന്ന റാലിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ദല്‍ഹിയിലെ നാല് അതിര്‍ത്തികളില്‍ നിന്നായാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ഗുരുഗ്രാം, നിസ്സാമുദ്ദീന്‍, ആനന്ദ് വിഹാര്‍, മജ്നു കാ തില എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ചുകള്‍. ചെറുതും വലുതുമായ 207 സംഘടനകളാണ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയില്‍ ഉള്ളത്.

ഇന്ന് വൈകിട്ടോടെ രംലീല മൈതാനത്ത് സംഗമിക്കുന്ന നാല് റാലികളും നാളെ ഒന്നായി പാര്‍ലമെന്റിലേക്ക് നീങ്ങും.

We use cookies to give you the best possible experience. Learn more