| Sunday, 28th June 2020, 9:01 am

തൂത്തുകുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണം ; മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധം ശക്തം ; കേസ് ഒതുക്കാന്‍ ആശുപത്രി അധികൃതരും കൂട്ട് നിന്നെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുകുടി: ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്ത അച്ഛനും മകനും ക്രൂരമായ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും ,മകന്‍ ബനിക്‌സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഇവരെ കോവില്‍പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ബെനിക്‌സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയുമായിരുന്നു.

ഇരുവരെയും റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ജയരാജനെയും മകനെയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരിട്ടു കണ്ടിരുന്നില്ലെന്നും വീടിന് മുകളില്‍ നിന്ന് കൈവീശി കാണിക്കുകയായിരുന്നെന്നുമാണ് ആരോപണം ഉയരുന്നത്. ഇരുവരെയും വാനിലിരുത്തിയിരിക്കുകയായിരുന്നെന്നും. ഒരുപക്ഷെ ജഡ്ജി അവരെ കാണണമെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

സംഭവത്തില്‍ കൊല്ലപ്പെട്ട ജയരാജനെയും മകനെയും പ്രവേശിപ്പിച്ച ആശുപത്രി അധികൃതരും പൊലീസിന് കൂട്ട് നിന്നെന്നും ആരോപണം ഉയരുന്നുണ്ട്. രക്ത സ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത നിറമുള്ള ലുങ്കികള്‍ പൊലീസ് അവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ മണിക്കൂറുകളോളം തൂത്തുകുടി ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചിരുന്നു.

സംഭവത്തില്‍ സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ സസ്‌പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കളും സിനിമപ്രവര്‍ത്തകരടക്കമുള്ള ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്. മരിച്ച ജയരാജന്റെയും ബനിക്‌സിന്റെയും കുടുബത്തിന്് 20 ലക്ഷം രൂപ വീതം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി സഹായധനം പ്രഖ്യാപിക്കുകയും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more