ചെന്നൈ: തമിഴ്‌നാട്ടിൽ ക്ഷേത്രത്തിൽ വെച്ച് ട്രാൻസ്‌ജെൻഡർ യുവതിക്ക് പൊലീസിന്റെ മർദനം. പിന്നാലെ പൊലീസ് ഓഫീസർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ട്രാൻസ്ജെൻഡർ വിഭാഗം രംഗത്തെത്തി.
തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ഒരു മുരുകൻ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഒരു ട്രാൻസ്‌ജെൻഡർ യുവതിയെ അടിക്കുകയായിരുന്നു. യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ പൊലീസ് ഓഫിസർക്ക് നേരെ വിമർശനം ഉയർന്നിട്ടുണ്ട്.
ശിരുവപുരി മുരുകൻ ക്ഷേത്രത്തിൽ തയ് പൂയം ആഘോഷത്തിനിടെയാണ് സംഭവം. ആഘോഷത്തിനിടെ ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് ഉണ്ടാകുന്നതിനാൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.
വി.ഐ.പികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി ആരോപിച്ച് ഒരു കൂട്ടം ട്രാൻസ്‌ജെൻഡർ വ്യക്തികൾ പ്രതിഷേധിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. സാധാരണ ഭക്തർ നീണ്ട ക്യൂവിൽ കാത്തുനിൽക്കുമ്പോൾ വി.ഐ.പികൾക്ക് ക്ഷേത്രത്തിന്റെ എക്സിറ്റ് വഴി പ്രത്യേക പ്രവേശനം അനുവദിക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. പിന്നാലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ മേൽനോട്ടം വഹിച്ചിരുന്ന ഉതുക്കോട്ടൈ ഡി.എസ്.പി കെ. ശാന്തി ട്രാൻസ്‌ജെൻഡർ സ്ത്രീയെ മർദിക്കുകയായിരുന്നു.
സംഭവത്തിൽ ഡി.എസ്.പി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. തയ് പൂയം ആഘോഷങ്ങളിൽ പങ്കെടുക്കാൻ നിരവധി ആളുകൾ എത്തിയതോടെ സംഭവസ്ഥലത്ത് നിന്ന് ഡി.എസ.പിയെ മാറ്റി സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു.
Content Highlight: Tamil Nadu cop caught slapping transgender woman at temple, sparks protests