ചെന്നൈ: സംസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്ത പുതിയ ടീമിനെ വിമര്‍ശിച്ചെത്തിയ എം.പി കാര്‍ത്തി ചിദംബരത്തിനെതിരെ തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. അച്ഛന്റെ സ്വാധീനം കൊണ്ട് പാര്‍ലമെന്റില്‍ എത്തിയവര്‍ക്ക് കഠിനാധ്വാനം കൊണ്ട് പുതിയ സംസ്ഥാന കമ്മിറ്റിയില്‍ കയറുന്നവരുടെ വില മനസിലാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. മഹേന്ദ്രന്‍ പറഞ്ഞത്.
കോണ്‍ഗ്രസ് രൂപീകരിച്ച ജംബോ കമ്മിറ്റികളെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കാര്‍ത്തി ചിദംബരം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. മഹേന്ദ്രന്റെ പ്രതികരണം.
‘കഠിനാധ്വാനം ചെയ്യുന്ന നിരവധി യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ, മഹിളാ കോണ്‍ഗ്രസ്, പട്ടികജാതി വകുപ്പ് പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ഇത്തവണ തമിഴ്‌നാട് കോണ്‍ഗ്രസില്‍ അംഗമായിട്ടുണ്ട്. എന്നാല്‍ അച്ഛന്റെ കഴിവും സ്വാധീനവും കൊണ്ട് എം.പിമാരായവര്‍ക്കൊന്നും അത് മനസിലാവില്ല,’ മഹേന്ദ്രന്‍ ട്വീറ്റ് ചെയ്തു.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസിന് 32 വൈസ് പ്രസിഡണ്ടുമാരേയും 57 ജനറല്‍ സെക്രട്ടറിമാരേയും 104 സെക്രട്ടറിമാരേയും തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍ ഇത്തരം ജംബോ കമ്മിറ്റികള്‍കൊണ്ട് ഒരു കാര്യവുമില്ലെന്ന് കാര്‍ത്തി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാല്‍ എന്നിവരെ ടാഗ് ചെയ്തായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.
‘തമിഴ്‌നാട് കോണ്‍ഗ്രസിന് വേണ്ടത് ഒരു സൂപ്പര്‍ ജംബോ കമ്മിറ്റിയല്ല സമഗ്രമായ ടീമാണ്. ഈ വലിയ കമ്മിറ്റികള്‍ കൊണ്ട് ഒരു കാര്യവുമില്ല. തെരഞ്ഞെടുപ്പിന് 90 ദിവസം മാത്രം ശേഷിക്കെ ഞങ്ങള്‍ക്ക് അധികാരവും ഉത്തരവാദിത്തവുമുള്ള ഒരു ടീം ആവശ്യമാണ്’ എന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ട്വീറ്റ്.
നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏഴ് എം.എല്‍.എമാരും എട്ട് എം.പിമാരുമാണുള്ളത്.
നേരത്തെ രാജ്യത്ത് ഒരിടത്തും ബി.ജെ.പിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ അഭിപ്രായത്തെ അനുകൂലിച്ച് കാര്‍ത്തി രംഗത്തെത്തിയിരുന്നു.
ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു- എന്നായിരുന്നു കാര്‍ത്തിയുടെ അന്നത്തെ ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക