ഒരു ദിവസമാക്കേണ്ട രണ്ട് ദിവസം എടുത്തോളു; മരക്കാറിന്റെ റിലീസിന് ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കി തമിഴ്‌നാട്ടിലെ കമ്പനി
ചെന്നൈ: രജനികാന്തിന്റെയും മറ്റും ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ ജീവനക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ കമ്പനികള്‍ ലീവ് അനുവദിക്കുന്നത് പുതിയ വാര്‍ത്തയല്ല. എന്നാല്‍ ഒരു മലയാള സിനിമയുടെ റിലീസിന് ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് ഒരു കമ്പനി.
ചെന്നൈയിലെ പി.കെ. ബിസിനസ് സൊല്യൂഷന്‍സ് ആണ് ജീവനക്കാര്‍ക്ക് മരക്കാര്‍ : റബിക്കടലിന്റെ സിംഹം എന്ന ചിത്രം കാണുന്നതിനായി ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ അവധി നല്‍കിയിരിക്കുന്നത്.
കമ്പനിയിലെ ഭൂരിഭാഗം പേരും ചിത്രം കാണുന്നതിന് അവധി ചോദിച്ചെന്നും എന്നാല്‍ അവധിയെടുക്കേണ്ടെന്നും സിനിമ കാണുന്നതിനായി രണ്ട് ദിവസത്തെ അവധി കമ്പനിക്ക് നല്‍കുകയാണെന്നുമാണ് കമ്പനി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്.
ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ റിലീസിനാണ് മരക്കാര്‍ തയ്യാറെടുക്കുന്നത്. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്.
850ലധികം ഫാന്‍സ് ഷോയാണ് കേരളത്തില്‍ മാത്രം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി തിയേറ്ററുകളിലെ ഫസ്റ്റ് ഡേ ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുന്‍പേ വിറ്റുതീര്‍ന്നിരുന്നു.
കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.