|

മൂന്നര വയസുകാരിയുടെ പെരുമാറ്റമാണ് ബലാത്സംഗത്തിന് ഇടയാക്കിയതെന്ന പരാമര്‍ശം; തമിഴ്‌നാട്ടില്‍ കലക്ടര്‍ക്ക് നേരെ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്നര വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ മയിലാടുതുറൈ ജില്ലാ കലക്ടര്‍ എ.പി മഹാഭാരതിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.

ജില്ലയില്‍ മൂന്നര വയസുകാരി ബലാത്സംഗത്തിന് ഇരയാവാന്‍ കാരണം അവളുടെ പെരുമാറ്റമാണെന്ന കലക്ടറുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിഷേധം. ഒരു പരിശീലനപരിപാടിക്കിടെ പോക്‌സോയെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മഹാഭാരതി വിവാദ പ്രസ്താവന നടത്തിയത്.

തമിഴ്‌നാട്ടിലെ സീര്‍കാഴിയില്‍ മൂന്നര വയസുള്ള പെണ്‍കുട്ടിക്ക് അടുത്തിടെ ലൈംഗികാതിക്രമം നേരിട്ടിരുന്നു. 16 വയസുള്ള ബന്ധുവിന്റെ അതിക്രമത്തെ ചെറുത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിക്കുകയും അവളുടെ മുഖത്ത് നിരവധി തവണ കല്ലുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. നിലവില്‍ പെണ്‍കുട്ടി ഐ.സി.യുവിലാണ്. പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഈ സംഭവത്തെ ഉദ്ധരിച്ചായിരുന്നു കളക്ടറുടെ പരാമര്‍ശം. ഇരയുടെ പെരുമാറ്റം ആക്രമണത്തിന് പ്രകോപനം സൃഷ്ടിച്ചിരിക്കാമെന്നാണ് കലക്ടര്‍ പറഞ്ഞത്.

‘എനിക്ക് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ആ കുട്ടി അന്ന് രാവിലെ ആണ്‍കുട്ടിയുടെ മുഖത്ത് തുപ്പി. അതായിരിക്കാം കാരണം. നമ്മള്‍ നിര്‍ബന്ധമായും ഇരുവശവും നോക്കണം,’ മഹാഭാരതി പറഞ്ഞു.

കുറ്റവാളിയോട് സഹതാപം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു മഹാഭാരതിയുടെ പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് മാതാപിതാക്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിരോധമാണ് ചികിത്സയെക്കാള്‍ നല്ലതെന്നും കലക്ടര്‍ പറയുകയുണ്ടായി.

അതിനാല്‍ മാതാപിതാക്കള്‍ അവരുടെ കുഞ്ഞുങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ക്കായി രക്ഷിതാക്കളെ വിളിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മഹാഭാരതി പറഞ്ഞു.

പ്രതിഷേധത്തെത്തുടര്‍ന്ന് മഹാഭാരതിയെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈറോഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായ തിരു എച്ച്.എസ് ശ്രീകാന്ത് ആണ് പുതിയ ജില്ലാ കളക്ടര്‍.

മഹാഭാരതിയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പലരും അദ്ദേഹത്തിന്റെ പരാമര്‍ശത്തെ അപലപിക്കുകയും ഇരയെ കുറ്റപ്പെടുത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈയും കലക്ടറേയും ഡി.എം.കെ സര്‍ക്കാരിനേയും വിമര്‍ശിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘ലൈംഗികാതിക്രമ കേസില്‍ മൂന്നര വയസുള്ള കുട്ടിയും കുറ്റക്കാരിയാണെന്ന് മയിലാടുതുറൈ ജില്ലാ കളക്ടര്‍ അവകാശപ്പെട്ടു. ബി.ജെ.പി തമിഴ്നാടിന് വേണ്ടി, അദ്ദേഹത്തിന്റെ അതിരുകടന്ന പരാമര്‍ശങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

തമിഴ്നാട്ടിലുടനീളം സ്ത്രീകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍, കൊച്ചുകുട്ടികള്‍ പോലും ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന ഒരു സമയത്ത്, അതിജീവിതകളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് ശ്രമിക്കുന്നത് ഭയാനകമാണ്,’ അണ്ണാമലൈ എക്സില്‍ കുറിച്ചു.

Content Highlight: Tamil Nadu collector says behavior of the three-and-a-half-year-old girl led to the crime; Widespread protest against the collector