ചെന്നൈ: വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ എം.കെ സ്റ്റാലിന്‍ ആദ്യ ഉത്തരവുകളില്‍ ഒപ്പുവെച്ചത് പിതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ പേന ഉപയോഗിച്ച്. കരുണാനിധി സ്ഥിരമായി ഉപയോഗിച്ചിരുന്നത് ഫൗണ്ടെയ്ന്‍ പേനയായിരുന്നു.
സ്റ്റാലിന്‍ മന്ത്രിസഭയുടെ ആദ്യ അഞ്ച് ഉത്തരവുകളിലും ഇതേ പേന ഉപയോഗിച്ചാണ് സ്റ്റാലിന്‍ ഒപ്പുവെച്ചിരിക്കുന്നത്. വാലിറ്റി 69 എന്ന പേനയാണ് കരുണാനിധി ഉപയോഗിച്ചിരുന്നത്.
റേഷന്‍ കാര്‍ഡ് ഉള്ള കുടുംബത്തിന് 4000 രൂപ നല്‍കുന്ന പദ്ധതിയടക്കം അഞ്ച് സുപ്രധാന തീരുമാനങ്ങളിലാണ് സ്റ്റാലിന്‍ അധികാരമേറ്റയുടന്‍ ഒപ്പ് വെച്ചത്.
സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കുക, കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുടങ്ങിയവയാണ് ഉത്തരവുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒപ്പുവെച്ച ഉത്തരവുകള്‍.
ഡി.എം.കെ സ്ഥാപകരിലൊരാളായ സി.എന്‍ അണ്ണാദുരൈയുടെ ചിത്രം സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ചിട്ടുമുണ്ട് സ്റ്റാലിന്‍.
പെരിയാര്‍, അണ്ണാദുരൈ, കരുണാനിധി, കെ. അന്‍പഴകന്‍ തുടങ്ങിയവരുടെ സ്മൃതി കുടീരങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് സ്റ്റാലിന്‍ സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിലെത്തിയത്.
അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യത്തെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം തമിഴ്നാട്ടില്‍ ഇത്തവണ അധികാരത്തിലെത്തിയത്.
ചെന്നൈയില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. സ്റ്റാലിന്റെ മകനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല.
പതിനഞ്ച് പുതുമുഖങ്ങളും രണ്ട് വനിതകളും മന്ത്രിമാരായിട്ടുണ്ട്. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tamil Nadu CM MK Stalin uses Karunanidhi’s pen to sign orders