ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പി ആക്കിയവര്‍ക്ക് വേണ്ടിയുള്ള ബജറ്റ്; വിമര്‍ശനവുമായി സ്റ്റാലിന്‍
national news
ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പി ആക്കിയവര്‍ക്ക് വേണ്ടിയുള്ള ബജറ്റ്; വിമര്‍ശനവുമായി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 10:44 am

ചെന്നൈ: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍. ബജറ്റില്‍ സാധാരണക്കാരനെ സംബന്ധിക്കുന്ന ഒരു വിഷയം പോലും ചര്‍ച്ചയായില്ലെന്ന് പറഞ്ഞ സ്റ്റാലിന്‍ ഡി.എം.കെ എം.പിമാര്‍ ബുധനാഴ്ച ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ പത്ര സമ്മേളനത്തിലായിരുന്നു സ്റ്റാലിന്‍ വിഷയത്തിലെ പ്രതിഷേധം വ്യക്തമാക്കിയത്.

സ്റ്റാലിന് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള മൂന്ന് കോണ്‍ഗ്രസ് നേതാക്കളും ബജറ്റിലെ അവഗണനക്ക് പിന്നാലെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവുമാണ് യോഗം ബഹിഷ്‌കരിക്കുന്ന മറ്റ് മുഖ്യമന്ത്രിമാര്‍.

തമിഴ്‌നാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ വഞ്ചനയാണ് ബജറ്റെന്നും ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പിയാക്കി മാറ്റിയ പ്രാദേശിക പാര്‍ട്ടികളെ സന്തോഷിപ്പിക്കാനുള്ള ബജറ്റായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കഴിഞ്ഞ ബജറ്റ് തിരുക്കൂറള്‍ ചൊല്ലി ആരംഭിച്ച നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റില്‍ തമിഴ് എന്നോ തമിഴ്‌നാട് എന്നോ ഒറ്റ തവണ പോലും പറഞ്ഞില്ലെന്നും സ്റ്റാലിന്‍ വിമര്‍ശനമുയര്‍ത്തി.

നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നായിരുന്നു യോഗത്തില്‍ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കി സിദ്ധരാമയ്യ പറഞ്ഞത്. കന്നഡിഗരുടെ ആശങ്കകള്‍ ബജറ്റില്‍ ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ കര്‍ണാടകയിലെ ജനങ്ങളുടെ ആശങ്കകളെല്ലാം തന്നെ പൂര്‍ണമായും അവഗണിച്ചു. അവര്‍ കന്നഡിഗരെ കേട്ടു എന്ന് എനിക്ക് തോന്നുന്നില്ല, ഇക്കാരണം കൊണ്ടുതന്നെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല,’ അദ്ദേഹം എക്സില്‍ കുറിച്ചു.

പ്രധാനമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ട് ഇരിക്കുന്നത് കൊണ്ട് നരേന്ദ്ര മോദിക്ക് ബീഹാറിനെയും ആന്ധ്രാ പ്രദേശിനെയും ഒഴികെ മറ്റൊരു സംസ്ഥാനങ്ങളെയും കാണാനായില്ല. അദ്ദേഹത്തിന്റെ അജണ്ട ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാണിക്കപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള യുദ്ധത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് സംസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിച്ച് ആന്ധ്രാ പ്രദേശിനും ബീഹാറിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയതായി വിമര്‍ശനമുയര്‍ന്നിരുന്നു. നിതീഷ് കുമാറിനെയും ചന്ദ്ര ബാബു നായിഡുവിനെയും തൃപ്തിപ്പെടുത്തി പ്രധാനമന്ത്രി കസേര നിലനിര്‍ത്താനുള്ള മോദിയുടെ ശ്രമമാണ് ബജറ്റില്‍ കണ്ടതെന്നും വിമര്‍ശനമുയര്‍ന്നു.

ബീഹാര്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ക്ക് പ്രത്യേക പദവി നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളായിരുന്നു സര്‍ക്കാര്‍ രൂപീകരണ വേളയില്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഉയര്‍ത്തിയത്. എന്നാല്‍ പ്രത്യേക പദവികളില്ലെങ്കിലും വമ്പന്‍ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബീഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. 11,500 കോടി രൂപയുടെ പ്രളയസഹായവും വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

അടിസ്ഥാന സൗകര്യത്തിന് മാത്രം ബീഹാറില്‍ 26,000 കോടി രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. ബീഹാറില്‍ വിമാനത്താവളവും മെഡിക്കല്‍ കോളജും പ്രഖ്യാപിച്ചു.

അമൃത്സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ബീഹാറിലെ ഗയയില്‍ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. പാട്ന-പൂര്‍ണ എക്സ്പ്രസ് വേ, ബുക്സര്‍ ഭഗല്‍പൂര്‍ ഹൈവേ, ബോധ്ഗയ-രാജ്ഗിര്‍-വിശാലി-ധര്‍ബന്‍ഗ എന്നീ റോഡ് കണക്ടിവിറ്റി പ്രൊജക്റ്റുകള്‍ക്ക് പുറമെ ബുക്സാറില്‍ ഗംഗാ നദിക്ക് മുകളിലായി രണ്ട് വരി പാലത്തിന്റെ നിര്‍മാണത്തിനുള്ള പദ്ധതിയും ബജറ്റില്‍ ബീഹാറിനായി നീക്കിവെച്ചിട്ടുണ്ട്.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവുമാണ് ആന്ധ്രക്ക് ലഭിച്ചിരിക്കുന്നത്.

ആന്ധ്ര തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15,000 കോടി രൂപയും അനുവദിച്ചു. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിങ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചു.

 

Content highlight: Tamil Nadu CM MK Stalin slams BJP after neglecting Tamil Nadu in Union Budget