കണ്ണൂര്‍: സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന കേന്ദ്ര നേതൃത്വത്തിനെതിരെ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ ഒന്നിച്ച് മുന്നണി രൂപീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ‘കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍’ എന്ന സെമിനാറില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ നിലനില്‍പും സമത്വവും മതനിരപേക്ഷതയും സാമൂഹ്യനീതിയും ഉറപ്പാക്കാന്‍ സമാനചിന്താഗതിക്കാരായ പാര്‍ട്ടികള്‍ ഒരുമിച്ചേ മതിയാവൂ എന്നും തമിഴ്‌നാട്ടില്‍ മതേതര ശക്തികള്‍ ഒരു മുന്നണിയായതാണ് ശക്തിയും വിജയവുമെന്നും അദ്ദേഹം പറഞ്ഞു.
‘ദല്‍ഹിയിലെ ഭരണാധികാരികള്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി കീഴ്‌പ്പെടുത്തുന്നതില്‍ സന്തോഷിക്കുന്നു. നമ്മള്‍ അവരുടെ മുന്നില്‍ മുട്ടില്‍ ഇഴയണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഭരണഘടന ലംഘിച്ചാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്നത്. ഇതിനെതിരെ പോരാടാനും ചെറുത്തുനില്‍ക്കാനും ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ സഖ്യം രൂപീകരിക്കണം.
ഇതിന് പിന്നാലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ വേറെ തന്നെ ഉണ്ടാക്കണം. കോടതികളിലൂടെയും പൊതു ഇടങ്ങളിലൂടെയും നമ്മള്‍ പ്രതിരോധം തീര്‍ക്കണം.
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതിനായി രാഷ്ട്രീയത്തിന്റെ അതിര്‍വരുമ്പുകള്‍ കടന്ന് നമ്മള്‍ ഒരുമിക്കണം,’ സ്റ്റാലിന്‍ പറഞ്ഞു.
ഗവര്‍ണറുടെ ഓഫീസ് വഴി സംസ്ഥാനത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് സര്‍ക്കാര്‍ രണ്ട് തവണ പാസാക്കിയ നീറ്റ് ബില്‍ ഗവര്‍ണര്‍ ഇനിയും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവസ്ഥ ഇതാണെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനങ്ങള്‍ക്ക് മതിയായ അധികാരം ലഭിക്കാത്ത സ്വാതന്ത്ര്യം ശരിയായ മോചനമല്ലന്ന് മഹാത്മാഗാന്ധിയും ഭഗത് സിംഗും പറഞ്ഞിട്ടുണ്ട്. പ്രാദേശീകതയുടെയും പ്രവിശ്യകളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് 1919ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ പോലും പറയുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലേറിയതോടെ ധനപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ജി.എസ്.ടി നടപ്പാക്കിയെന്നും നികുതി വരുമാനം തട്ടിയെടുത്തുകൊണ്ടിരിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തന്നിട്ടില്ലെന്നും തമിഴ്‌നാടിന് മാത്രം ഇതുവരെ 21,000 കോടി രൂപ നല്‍കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യയില്‍ റെയില്‍വേ പദ്ധതികള്‍ക്ക് തുച്ഛമായ ഫണ്ട് അനുവദിക്കുന്നത് ഈ വിവേചനത്തിന്റെ ഭാഗമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘ദക്ഷിണേന്ത്യയില്‍ റെയില്‍വേ പദ്ധതികള്‍ക്ക് തുച്ഛമായ ഫണ്ട് വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. അത്തരം ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ ബജറ്റ് തന്നെ നിര്‍ത്തലാക്കി. പാര്‍ലമെന്റില്‍ പോലും സംവാദങ്ങളൊന്നുമില്ല. ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.
നമ്മുടെ ഗ്രാമങ്ങളിലെ സഹകരണസംഘങ്ങളെ പോലും നിയന്ത്രിക്കാനുള്ള അധികാരദാഹമാണ് കേന്ദ്രത്തിനുള്ളത്,’ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Tamil Nadu CM MK Stalin says there must form opposition Chief Minister’s union against central government