| Tuesday, 5th September 2023, 10:19 am

മോദിയുടെ വ്യാജ വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്റ്റാലിന്റെ 'സ്പീക്കിങ് ഫോര്‍ ഇന്ത്യ'; ആദ്യ എപ്പിസോഡില്‍ ബി.ജെ.പിക്ക് പ്രഹരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി ഭരണം രാജ്യത്തെ എങ്ങനെയെല്ലാം ബാധിച്ചെന്നു ചര്‍ച്ച ചെയ്യുന്ന പോഡ്കാസ്റ്റ് പരമ്പരയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ‘സ്പീക്കിങ് ഫോര്‍ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റാലിന്റെ പോഡ്കാസ്റ്റ് പരമ്പരയുടെ ആദ്യ എപ്പിസോഡിലാണ് പ്രതികരണം. പോഡ്കാസ്റ്റിലെ പ്രസ്‌ക്ത ഭാഗങ്ങള്‍ ഇങ്ങനെ,

തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയില്‍, ഇന്ത്യന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെയുടെ നേതാവെന്ന നിലയില്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന ഞാന്‍ നിങ്ങളിലൊരുവനായി ഇന്ത്യക്ക് വേണ്ടി സംസാരിക്കുക എന്നതാണ് ഈ പോഡ്കാസ്റ്റ് പരമ്പരയുടെ ഉദ്ദേശ്യം. ഓരോരുത്തരും ഇന്ത്യക്ക് വേണ്ടി ശബ്ദിക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയിലാണ് നാം ഇന്നുള്ളത്.

കാലാകാലങ്ങളായി ഇന്ത്യന്‍ ജനത ഒട്ടാകെ നെഞ്ചിലേറ്റി സംരക്ഷിക്കുന്ന ഐക്യബോധം എന്ന തത്വത്തെ ഛിന്നഭിന്നമാക്കി ഇന്ത്യയുടെ അടിത്തറയെ തന്നെ നശിപ്പിക്കാനാണ് ഭാരതീയ ജനതാ പാര്‍ട്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. 2014ല്‍ അധികാരത്തിലെത്തിയ ഭാരതീയ ജനതാപാര്‍ട്ടി തെരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത ഓരോ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും പരാജയപ്പെട്ടു.

വിദേശത്തുള്ള കള്ളപ്പണം വീണ്ടെടുത്ത് ഒരാള്‍ക്ക് 15 ലക്ഷം വീതം നല്‍കും, പ്രതിവര്‍ഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, സ്വന്തമായി വീടില്ലാത്ത ആളുകള്‍ ഉണ്ടാകില്ല, ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറും, അങ്ങനെ എന്തൊക്കെ വ്യാജ വാഗ്ദാനങ്ങള്‍. പത്ത് വര്‍ഷമാകാന്‍ പോകുന്നു. എന്നാല്‍ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

ഇനി മറുവശത്ത് നന്നായി നടത്തിയിരുന്ന ഇന്ത്യയുടെ പൊതുമേഖലാ ഘടനയെ അവര്‍ നശിപ്പിച്ച് ഛിന്നഭിന്നമാക്കി. തങ്ങളുമായി അടുപ്പമുള്ള വ്യവസായികള്‍ക്ക് അവ ഓരോന്നും ഒന്നൊന്നായി കൈമാറുകയാണ് അവര്‍. ഇന്ത്യന്‍ ജനതയുടെ മൊത്തത്തിലുള്ള ക്ഷേമം ചുരുക്കം ചിലരുടെ മാത്രം ക്ഷേമമായി ചുരുങ്ങി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, ഇപ്പോള്‍ സ്വകാര്യ കമ്പനിക്ക് വിറ്റു. ഇന്ത്യയിലെമ്പാടുമുള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വകാര്യ വ്യക്തി കയ്യടക്കി.

പ്രധാനമന്ത്രി മോദി പറഞ്ഞത് പോലെ കര്‍ഷകരുടെ വരുമാനം ഒരിക്കലും ഇരട്ടിയായില്ല. കര്‍ഷകരുടെ ജീവിത നിലവാരവും ഉയര്‍ന്നില്ല. ഇതെല്ലാം മറച്ചുവെക്കാന്‍ വേണ്ടി മാത്രം മതവികാരത്തെ കയ്യിലെടുത്തും ആളുകളെ ഇളക്കിവിട്ടും അവര്‍ അതില്‍ കുളിര്‍കായാന്‍ ശ്രമിക്കുകയാണ്. 2002ല്‍ ഗുജറാത്തില്‍ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും വിത്ത് പാകിയ പാര്‍ട്ടിയാണ് ബി.ജെ.പി. 2023ല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിനെ ചുട്ടെരിക്കുകയാണ്. ഹരിയാനയില്‍ ആളിക്കത്തിയ വിഭാഗീയത നിരപരാധികളുടെ ജീവനും സ്വത്തും അപഹരിക്കുകയാണ്. ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തിയില്ലെങ്കില്‍ ഇന്ത്യയെ ആര്‍ക്കും രക്ഷിക്കാനാകില്ല.

നമുക്കെല്ലാവര്‍ക്കും ഒരു ബഹുസാംസ്‌കാരിക ഇന്ത്യയെ രൂപപ്പെടുത്താം. നമുക്ക് ഇന്ത്യയെ രക്ഷിക്കാം. അതിനാദ്യം നമുക്ക് ഇന്ത്യക്ക് വേണ്ടി സംസാരിക്കാം. ഇനി മുതല്‍ ഇത് എം.കെ സ്റ്റാലിന്റെ മാത്രം ശബ്ദമല്ല, ഇന്ത്യയുടെ തന്നെ ശബ്ദമായി എന്റെ ശബ്ദം എല്ലാവരിലേക്കുമെത്തിക്കുക. ഇന്ത്യ വിജയിക്കട്ടെ.

പോഡ്കാസ്റ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിനെ ചോദ്യം ചെയ്തും മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നത് ഡി.എം.കെയാണെന്ന് ആരോപിച്ചും ബി.ജെ.പി. രംഗത്തെത്തി.

Content Highlights: Tamil Nadu CM MK Stalin on ‘Speaking for India’ podcast

We use cookies to give you the best possible experience. Learn more