എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളില്‍ നിന്ന് മായ്ക്കാനാവില്ല; ഓണം ദ്രാവിഡരുമായുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു: എം.കെ.സ്റ്റാലിന്‍
Kerala News
എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളില്‍ നിന്ന് മായ്ക്കാനാവില്ല; ഓണം ദ്രാവിഡരുമായുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു: എം.കെ.സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th September 2022, 7:10 pm

തിരുവനന്തപുരം: കേരളീയര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഓണം ദ്രാവിഡര്‍ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നുവെന്നും ഭിന്നതകള്‍ അകറ്റി ആ ബന്ധം ശക്തിപ്പെടുത്താമെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ സ്റ്റാലിന്‍ പറഞ്ഞു.

‘പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേല്‍ക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകള്‍ക്കും എന്റെ ഓണാശംസകള്‍!
എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല!

ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡര്‍ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകള്‍ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!,’ എന്നാണ് സ്റ്റാലിന്‍ കുറിച്ചത്.

ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഈ കുറിപ്പിന് താഴെ നിരവധി മലയാളി നേതാക്കളാണ് സ്റ്റാലിന് നന്ദിയറിയിച്ചും ഓണാശംസകള്‍ നേര്‍ന്നും രംഗത്തെത്തിയിരിക്കുന്ന്.

കോണ്‍ഗ്രസ് നേതാക്കളായ എ.പി. അനില്‍കുമാര്‍, എല്‍ദോസ് പി. കുന്നപ്പള്ളി, സതീശന്‍ പാച്ചേനി, രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍.സി.പി നേതാവ് ലതിക സുഭാഷ് തുടങ്ങിയവരാണ് സ്റ്റാലിന് നന്ദിയറിയിച്ചത്.

തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയിപ്പോള്‍ മുതല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സര്‍ക്കാരുമായും അടുത്ത ബന്ധമാണ് സ്റ്റാലിന്‍ പുലത്തിപ്പോരുന്നത്.

തന്റെ സി.പി.ഐ.എം ബന്ധത്തെ അടയാളപ്പെടുത്താന്‍ സ്വന്തം പേര് തന്നെ ധാരാളമാണെന്ന് സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുത്ത് സ്റ്റാലിന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

‘എല്ലാത്തിനും മേല്‍ എന്റെ പേര് സ്റ്റാലിന്‍. ഇതിനേക്കാളുനമധികം എനിക്കും നിങ്ങള്‍ക്കും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്താന്‍ മറ്റൊരു കാരണം ആവശ്യമില്ല.

അതുകൊണ്ട് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഞാന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ല വന്നിരിക്കുന്നത്. മറിച്ച് നിങ്ങളിലൊരാളായാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

CONTENT HIGHLIGHTS: Tamil Nadu Chief Minister M.K. Stalin wished Keralites on Onam in Malayalam