മുന്നാക്ക സംവരണം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ല; സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കും
national news
മുന്നാക്ക സംവരണം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ല; സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th November 2022, 8:49 pm

ചെന്നൈ: മുന്നാക്ക സംവരണ വിധി അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷമായിരുന്നു എം.കെ. സ്റ്റാലിന്റെ പ്രതികരണം.

അതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ നിന്ന് ബി.ജെ.പിയും എ.ഐ.എഡി.എം.കെയും വിട്ടുനിന്നു. വിധിക്കെതിരെ ഡി.എം.കെ സഖ്യത്തിലെ ഓരോ ഘടകകക്ഷിയും പ്രത്യേകം ഹരജി നല്‍കാനാണ് തീരുമാനം. പുനപരിശോധനാ ഹരജി നല്‍കാനുള്ള പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുടെ യോഗം പാസാക്കി.

‘സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധി. ഭരണഘടനാ ശില്‍പികളുടേയും രാഷ്ട്രശില്‍പികളുടേയും ആശയത്തിന് എതിരാണ് സാമ്പത്തിക സംവരണം.

ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ എന്റെ സര്‍ക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ല. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് കാലത്തെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനം പിന്നാക്ക സംവരണം ആയിരുന്നു.

സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണ്. എട്ട് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ എങ്ങനെ പാവപ്പെട്ടവരാകും,’ സ്റ്റാലിന്‍ പറഞ്ഞു.

നിലവിലുള്ള സംവരണം മാത്രമേ സംസ്ഥാനത്ത് നടപ്പാക്കൂവെന്നും ഇ.ഡബ്ല്യു.എസ് നടപ്പാക്കില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണത്തെയും 103ാം ഭരണഘടനാ ഭേദഗതിയെയും പൂര്‍ണമായും ശരിവെച്ചു.

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. സംവരണ വിഷയത്തില്‍ നാല് വിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്.

നിലവില്‍ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.