| Tuesday, 14th June 2022, 11:11 pm

എതിരാളികളെ രാഷ്ട്രീയമായി നേരിടണം, അല്ലാതെ ഇ.ഡിയെ ഉപയോഗിച്ചല്ല: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ നടക്കുന്നത് പകപോക്കലെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിയെ ഉപയോഗിച്ച് ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണമെന്നും അല്ലാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉയോഗിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായും അതിന്റെ നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന അതിക്രൂരമായ നടപടിയെ അപലപിക്കുന്നു.

സാധാരണക്കാരന്റെ ഞെരുക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തരമില്ലാത്തതിനാല്‍, ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പി ഇത്തരം വഴിതിരിച്ചുവിടല്‍ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് നിര്‍ബന്ധിപ്പിച്ച് അല്ല,’ സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും 10 മണിക്കൂറോളം ചൊവ്വാഴ്ച
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ബുധനാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

വൈകിയാണെങ്കിലും ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത് നിരാകരിക്കുകയായിരുന്നു. ആദ്യ ദിവസത്തിന് സമാനമായി ചൊവ്വാഴ്ച രാവിലെ 11.30നാണ് രാഹുല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലേക്കെത്തിയത്.

ഇ.ഡി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മാര്‍ച്ച് ചൊവ്വാഴ്ചയും തുടര്‍ന്നു. ഹരീഷ് റാവത്ത്, രണ്‍ദീപ് സിങ് സുര്‍ജെവാല തുടങ്ങിയ നേതാക്കളെയും നിരവധി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

CONTENT HIGHLIGHTS:  Tamil Nadu Chief Minister M.K. Stalin Says BJP government is using the ED to carry out political revenge against the Congress

We use cookies to give you the best possible experience. Learn more