| Saturday, 17th June 2023, 12:15 pm

പ്രതിപക്ഷ ഐക്യം ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാന ആണി: എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യമെമ്പാടുമുള്ള പ്രതിപക്ഷ ഐക്യം ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പരാജയങ്ങള്‍ മറച്ചുവെക്കാനാണ് ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ ധാര്‍ഷ്ട്യം കൊണ്ട് നേരിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ബി.ജെ.പി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കൊയമ്പത്തൂരില്‍ സംഘടിപ്പിച്ച മതേതര പുരോഗമന കൂട്ടായ്മക്ക് നന്ദിയറിയിച്ച് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി തങ്ങളെ തുറിച്ചുനോക്കുകയാണെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞുകഴിഞ്ഞു. ബി.ജെ.പി അവരുടെ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഭീരുത്വവും ധാര്‍ഷ്ട്യവുമാണ് സ്വീകരിക്കുന്നത്.

ഇന്ത്യയൊട്ടാകെയുള്ള പ്രതിപക്ഷ ഐക്യം ‘സ്വേച്ഛാധിപത്യ’ ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കും,’ സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാനാണ് ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

സെന്തില്‍ ബാലാജിക്കെതിരെ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും ഓടിഒളിക്കാന്‍ ബാലാജി ഒരു സാധാരണക്കാരനല്ലെന്നും ജനങ്ങളാല്‍ തെരഞ്ഞെടുത്ത എം.എല്‍.എയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Tamil Nadu Chief Minister M.K. Stalin said that the unity of the opposition across the country would be the last nail in the coffin of the BJP.

We use cookies to give you the best possible experience. Learn more