ചെന്നൈ: പൗരത്വ ഭേദഗതി ബില്‍ (സി.എ.എ) നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍.
2024 ലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യത്ത് സി.എ.എ നടപ്പിലാക്കാതിരിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴ് സഹോദരങ്ങള്‍ക്കും ഒപ്പം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ എം. അപ്പാവു പറഞ്ഞു. ഈ സര്‍ക്കാര്‍ ഒരിക്കലും നമ്മുടെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാനാത്വത്തില്‍ ഏകത്വമെന്ന ആശയം നമ്മുടെ രാജ്യത്ത് ഗുരുതരമായ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം സംരക്ഷിക്കുന്നതിനുള്ള ശ്രമത്തില്‍ ഈ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എം. അപ്പാവു നടപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിവിധ ക്ഷേമപദ്ധതികളുടെ പ്രയോജനങ്ങള്‍ ഏറ്റവും അര്‍ഹരായ ജനവിഭാഗങ്ങളില്‍ എത്തിച്ചേരേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്റ്റാലിന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ചെന്നൈ മെട്രോ റെയില്‍ രണ്ടാം ഘട്ട പദ്ധതിയില്‍ വിഹിതം നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും എം.കെ. സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് നദീജലം പങ്കിടുന്നതിന് പൊതുവായ ഒരു രീതി നടപ്പിലാക്കാന്‍ കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയോട് (സി.ഡബ്ല്യു.എം.എ) സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തില്‍ നിന്ന് നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി ഇറങ്ങിപ്പോയിരുന്നു. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ആര്‍. എന്‍. രവി പറഞ്ഞു. തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നിയമസഭയില്‍ ഇരുത്തിക്കൊണ്ട് സ്പീക്കര്‍ എം. അപ്പാവു ന്യായപ്രഖ്യാപനം വായിക്കുകയായിരുന്നു.
ഗവര്‍ണര്‍ അംഗീകാരം നല്‍കിയ നയപ്രഖ്യാപനം സഭയിലേക്ക് എത്തുമ്പോള്‍ അതില്‍ വസ്തുതാ വിരുദ്ധമായ വിഷയങ്ങള്‍ അടങ്ങിയിട്ടുണ്ടന്ന് ആര്‍.എന്‍. രവി വാദിക്കുന്നത് രാഷ്ട്രീയ സ്വാധീനത്താല്‍ ആണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
Content Highlight: Tamil Nadu Chief Minister and DMK leader M.K. Stalin SAYS will not allow implementation of CAA