ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസാമിയെ അവഹേളിക്കുന്ന രീതിയില്‍ കാരിക്കേച്ചര്‍ വരച്ചെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജി.ബാലയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജില്ലാ ഭരണകൂടത്തിനെതിരായ കാരിക്കേച്ചറിന്റെ പേരിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.
ബ്ലേഡ് മാഫിയയുടെ പിടിയിലകപ്പെട്ട നാലംഗ കുടുംബം തീകൊളുത്തി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയും നെല്ലായി ജില്ലാ കലക്ടറും പൊലീസ് കമ്മീഷണറും ഉള്‍പ്പെടുന്ന സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ല എന്നാരോപിക്കുന്ന കാര്‍ട്ടൂണിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്ന ബാല വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരുന്നത്. പോസ്റ്റ് നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. 4000 ലൈക്ക്‌സും 12,000 ഷെയറുമായിരുന്നു സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച പോസ്റ്റിനു ലഭിച്ചിരുന്നത്. കഴിഞ്ഞ മാസം 23നാണ് തിരുനെല്‍വേലി കളക്ടറുടെ ഓഫീസിന് മുന്നില്‍ കര്‍ഷക തൊഴിലാളി തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയിരുന്നത്.
ബ്ലേഡ് മാഫിയയ്ക്കെതിരെ നിരന്തരം അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തതിനെത്തുടര്‍ന്നായിരുന്നു കര്‍ഷകന്‍ ഇസാക്കിമുത്തുവും ഭാര്യ സുബ്ബലക്ഷ്മിയും കുടുംബവും തീ കൊളുത്തിയിരുന്നത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും മരിച്ചിരുന്നു.
കലക്ടറേറ്റിലേക്ക ആറുതവണ ഇയാള്‍ പരാതിയുമായി പോയിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. വിവാദ കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയെയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരെയും താഴ്ത്തിക്കെട്ടുകയും അവഹേളിക്കുകയും ചെയ്തുവെന്ന് കാട്ടി തിരുനെല്‍വേലി കളക്ടറാണ് പൊലീസില്‍ പരാതി നല്‍കിയത്.