ചെന്നൈ: തമിഴ്‌നാട് ബി.എസ്.പി അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
കെ. ആംസ്‌ട്രോങിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാൻ പ്രതി തിരുവെങ്കടവുമായി സംഭവസ്ഥലത്ത് പൊലീസ് പോയിരുന്നു. എന്നാൽ സ്ഥലത്തെത്തിയ പ്രതി കണ്ടെത്തിയ തോക്ക് ഉപയോഗിച്ച് പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
തിരിച്ച് നടന്ന പൊലീസ് വെടിവെപ്പിൽ പ്രതിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരിന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരിച്ചു. കെ ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളിലൊരാളാണ് തിരുവെങ്കടം.
ഈ മാസം ആദ്യമാണ് കെ.ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ സംഘം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആക്രമണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
‘സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഞാൻ സംസ്ഥാന സർക്കാരിനോട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. സർക്കാർ ഗൗരവത്തിലായിരുന്നുവെങ്കിൽ, പ്രതികളെ അറസ്റ്റ് ചെയ്യുമായിരുന്നു. അത് അങ്ങനെയല്ല. കേസ് സി.ബി.ഐക്ക് വിടാൻ ഞങ്ങൾ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,’ മായാവതി പറഞ്ഞു.