| Tuesday, 19th April 2022, 8:42 pm

ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം; രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണം; ആവശ്യമുന്നയിച്ച് തമിഴ്‌നാട് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി ബി.ജെ.പി തമിഴ്നാട് ഘടകം. ഇളയരാജയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്ന് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന 12 പേരുടെ കൂട്ടത്തില്‍ ഇളയരാജയെയും രാഷ്ട്രപതി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും അണ്ണാമലൈ പറഞ്ഞു.

ഇളയരാജ ബി.ജെ.പി അംഗമല്ല. തമിഴ്നാടിന്റെയാകെ ആളാണ് ഇളയരാജ. ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുമെന്നും അണ്ണാമലൈ അറിയിച്ചു

ഡോ. ബി.ആര്‍. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം.

ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.

സമൂഹത്തില്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.

മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞു.

മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന മുത്തലാഖ് നിരോധനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൊണ്ടുവന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ വഴി അംബേദ്കര്‍ക്ക് മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ പറഞ്ഞു.

അതിനിടെ, കറുത്ത മുണ്ടും ടിഷര്‍ട്ടും ധരിച്ച് സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും ചര്‍ച്ചയാകുകയാണ്. ‘ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

Content Highlights:  Tamil Nadu BJP wants Ilayaraja should be given Bharat Ratna, Should be nominated to the Rajya Sabha

We use cookies to give you the best possible experience. Learn more