ചെന്നൈ: പാര്‍ട്ടിയിലെ ലൈംഗീക പീഡന പരാതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെതിരെ തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രമായ ദിനമലരിനെതിരെ 100 കോടി രൂപ മാനനഷ്ടത്തിനുള്ള നോട്ടീസ് അയച്ച് തമിഴ്‌നാട് ബി.ജെ.പി.
ജൂണ്‍ 23 ന് ദിനമലരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് തമിഴ്‌നാട് ബി.ജെ.പി. മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. ജൂണ്‍ 19 ന് മഹാബലിപുരത്ത് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടന്ന പാര്‍ട്ടി യോഗത്തില്‍ തമിഴ്‌നാടിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവായ സി.ടി. രവിക്ക് പാര്‍ട്ടിയില്‍ നിന്ന് നൂറിലധികം ലൈംഗീക പീഡന പരാതി ലഭിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ പരാതിയില്‍ ഭൂരിപക്ഷവും ഒരു നേതാവിനെതിരെയുള്ളതാണെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ബി.ജെ.പി. തമിഴ്‌നാട് നേതൃത്വം രംഗത്ത് എത്തിയത്.
ദിനമലര്‍ പത്രത്തിനും എഡിറ്റര്‍ കെ. രാമസുബ്ബുവിനുമെതിരെയാണ് 100 കോടി രൂപ മാനനഷ്ടവും ക്രിമിനല്‍, സിവില്‍ നിയമനടപടികളും പാര്‍ട്ടി ആരംഭിച്ചത്. വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തമിഴ്‌നാട് ബി.ജെ.പി. ജനറല്‍ സെക്രട്ടറി കരു നാഗരാജന്‍ പറഞ്ഞു.