ബി.ജെ.പി സഖ്യത്തിലേക്ക്‌ വിജയ്ക്ക് സ്വാഗതം, രണ്ട് ദ്രാവിഡ പാര്‍ട്ടികളുമായും സഖ്യത്തിനില്ല: തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍
national news
ബി.ജെ.പി സഖ്യത്തിലേക്ക്‌ വിജയ്ക്ക് സ്വാഗതം, രണ്ട് ദ്രാവിഡ പാര്‍ട്ടികളുമായും സഖ്യത്തിനില്ല: തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2024, 8:45 am

ചെന്നൈ: തമിഴ്‌നാട്ടില്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിനൊപ്പമോ (ഡി.എം.കെ) അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനൊപ്പമോ (എ.ഐ.എ.ഡി.എം.കെ) ബി.ജെ.പി സഖ്യമുണ്ടാക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ.

ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്നും എന്നാല്‍ വിജയ് രൂപീകരിച്ച പാര്‍ട്ടിക്ക് തങ്ങളുമായി സഖ്യമുണ്ടാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. പല്ലടത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരെ കാണവെയാണ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്.

‘ബി.ജെ.പി എ.ഐ.എ.ഡി.എം.കെയുമായോ ഡി.എം.കെയുമായോ ഒരു തരത്തിലുമുള്ള സഖ്യത്തിനുമില്ല. എന്നാല്‍ നടന്‍ വിജയ് സഖ്യത്തിനൊരുക്കമാണെങ്കില്‍ അദ്ദേഹത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,’ അണ്ണാമലൈ പറഞ്ഞു.

 

മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ജന്മശതാബ്ദി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ചും അണ്ണാമലൈ സംസാരിച്ചു.

‘മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെ ബഹുമാനിക്കുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ ഒരാളുടെ കാല് പിടിക്കുന്നത് തെറ്റാണ്. കരുണാനിധിയെ ബഹുമാനിച്ചു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നാല്‍ ബി.ജെ.പിയുടെയും ഡി.എം.കെയുടെയും ആശയങ്ങള്‍ വ്യത്യസ്തമാണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെയെ എതിര്‍ക്കുന്ന ഏക രാഷ്ട്രീയ കക്ഷി ബി.ജെ.പി മാത്രമാണ്,’ അണ്ണാമലൈ പറഞ്ഞു.

എ.ഐ.എഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിക്കെതിരെ അണ്ണാമലൈ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു.

‘എ.ഐ.എഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി പറയുന്നത് ഞാന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഇടയിലുള്ള മധ്യസ്ഥനാണെന്നാണ്. അദ്ദേഹം മോശം വാക്കുകളാണ് ഉപയോഗിച്ചത്. പക്വതയുള്ള ഒരു രാഷ്ട്രീയക്കാരന്‍ പ്രയോഗിക്കേണ്ട വാക്കുകളായിരുന്നില്ല അത്,’ അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിജയ്‌യുടെ പാര്‍ട്ടിയുടെ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30ന് വിജയ് പതാക ഉയര്‍ത്തും.

പതാകയുടെ നിറത്തെ സംബന്ധിച്ചുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. പതാക പൂര്‍ണമായും മഞ്ഞ നിറത്തിലായിരിക്കുമെന്നും പതാകയിലെ ചിഹ്നമായി വാകപ്പൂവ് ഉള്‍പ്പെടുത്തുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

തമിഴ്‌നാട്ടില്‍ സമത്വത്തിന്റെ അടയാളമായാണ് മഞ്ഞ നിറം കണക്കാക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക സമ്പല്‍ സമൃദ്ധിയുടെ സൂചകമായി വാകപ്പൂവിനെയും കാണുന്നു. ഈ രണ്ട് ചിഹ്നങ്ങളും പാര്‍ട്ടിക്കൊടിയില്‍ വേണമെന്ന് വിജയ് നിര്‍ദേശിച്ചുവെന്നാണ് സൂചന.

ഓഗസ്റ്റ് 22ന് നടക്കുന്ന ചടങ്ങില്‍ തമിഴ്നാട്, കേരളം, പുതുച്ചേരി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തമിഴക വെട്രി കഴകത്തിന്റെ മുന്നൂറോളം ഭാരവാഹികള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

പരിപാടിയിലേക്ക് നൂറോളം മാധ്യമ പ്രവര്‍ത്തകരെയും പാര്‍ട്ടി ഭാരവാഹികള്‍ ക്ഷണിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

 

Content highlight: Tamil Nadu BJP president K. Annamalai says they are ready to form an alliance with Vijay.