ചെന്നൈ: ബി.ജെ.പി സംസ്ഥാന ന്യൂനപക്ഷ വിഭാഗം മേധാവി ഡെയ്സി ശരണിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ തമിഴ്‌നാട്ടില്‍ ബി.ജെ.പി ഒ.ബി.സി വിഭാഗം നേതാവ് സൂര്യ ശിവയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കിയിട്ടുണ്ട്.
ബി.ജെ.പിയുടെ വനിതാ നേതാവിനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സൂര്യ ശിവയുടെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ബി.ജെ.പി വനിതാ നേതാവിനെ കൊലപ്പെടുത്താന്‍ ഗുണ്ടകളെ അയക്കുമെന്നും, ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലേക്ക് വലിച്ചെറിയുമെന്നുമായിരുന്നു സൂര്യ ശിവയുടെ ഫോണ്‍ സംഭാഷണത്തിലുള്ളത്.
ബി.ജെ.പി സ്ത്രീകളെ ദേവതകളായിട്ടാണ് ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.
ഈ കാലയളവില്‍ അണിയെന്ന നിലയില്‍ സൂര്യ ശിവക്ക് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാമെന്നും, പെരുമാറ്റത്തില്‍ മാറ്റം കാണുകയാണെങ്കില്‍ ഉത്തരവാദിത്തങ്ങളിലേക്ക് വീണ്ടും തിരിച്ചെടുക്കുമെന്നും ബി.ജെ.പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന ഡി.എം.കെ നേതാവും പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയുമായ തിരുച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. കഴിഞ്ഞ മെയ് മാസത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.
സൂര്യ ശിവയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന വികസന വിഭാഗം നേതാവായ നടി ഗായത്രി രഘുരാമിനെ കഴിഞ്ഞ ദിവസം ബി.ജെ.പി സസ്‌പെന്റ് ചെയ്തിരുന്നു. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഗായത്രിക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. സസ്‌പെന്റ് ചെയ്യപ്പെട്ട ഗായത്രിയുമായി പാര്‍ട്ടി നേതാക്കള്‍ ആരും തന്നെ യാതൊരു ബന്ധം പുലര്‍ത്താന്‍ പാടില്ലെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
അതേസമയം, അടുത്തിടെ വന്ന നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പാര്‍ട്ടി സംസ്ഥാന ബി.ജെ.പി ഘടകത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
നേരത്തെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാഘവന്‍ ബി.ജെ.പി വനിതാ പ്രവര്‍ത്തകയോട് മോശം പരാമര്‍ശം നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതിനെത്തുടര്‍ന്ന് ബി.ജെ.പി നേതാവ് രാജിവെക്കുകയായിരുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡി.എം.കെ നേതാവ് സാദിഖ് അലി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിനെതിരെ നടത്തിയ അശ്ലീല പരാമര്‍ശവും വിവാദമായിരുന്നു.