| Thursday, 13th October 2022, 9:48 pm

മഹാഭാരതത്തെ പറ്റി ഒരക്ഷരം മിണ്ടരുത്, ഗെറ്റ് ഔട്ട്; നിങ്ങള്‍ ക്രിസ്ത്യാനിയാണോ? മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് തമിഴ്‌നാട് ബി.ജെ.പി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നെെ: പത്ര സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കള്‍. കഴിഞ്ഞ ദിവസം തിരുവണ്ണാമലൈയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം.

മഹാഭാരതത്തെ പരാമര്‍ശിച്ചുകൊണ്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എച്ച്. രാജ ഉള്‍പ്പെടെയുള്ളവര്‍ ദേഷ്യപ്പെട്ട് സംസാരിച്ചത്.

”നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് എനിക്ക് കുറച്ച് ബഹുമാനമുണ്ട്, നിങ്ങള്‍ സമാധാനമായിരിക്കൂ.

നിങ്ങളൊന്നും കാര്യങ്ങള്‍ പഠിച്ചിട്ടല്ല സംസാരിക്കുന്നത്. അവരത് പറഞ്ഞു, ഇവരത് പറഞ്ഞു എന്നാണ് നിങ്ങള്‍ പറയുന്നത്.

ഇതെല്ലാം വെറും പുകമറകള്‍ മാത്രമാണ്. ഭാവനകള്‍ മാത്രമാണ്, യഥാര്‍ത്ഥ സംഭവങ്ങളല്ല, കഥകളാണ്,” പത്രസമ്മേളനത്തില്‍ വെച്ച് എച്ച്. രാജ പറഞ്ഞു.


ഇതിനെത്തുടര്‍ന്ന്, മഹാഭാരതം പോലെയുള്ള ഫിക്ഷനാണോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ മറുചോദ്യം ചോദിച്ചപ്പോഴാണ് രാജയും മറ്റ് ബി.ജെ.പി നേതാക്കളും ദേഷ്യത്തോടെ പെരുമാറുകയും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തത്.

”ഇറങ്ങിപ്പോകൂ, (Get out). മഹാഭാരതത്തെ പറ്റി ഒരക്ഷരം മിണ്ടരുത്,” രാജ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

ഇതിനിടെ നിങ്ങള്‍ ക്രിസ്ത്യാനിയാണോ, എന്നും രാജ ഒരു മാധ്യമപ്രവര്‍ത്തകനോട് ചോദിക്കുന്നുണ്ട്.

എച്ച്. രാജയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും പെരുമാറ്റത്തിനെതിരെ വ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്.

നേരത്തെയും എച്ച്. രാജ പത്രസമ്മേളനങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതാകുമ്പോള്‍ ഉടനെ അവരെ ‘ഹിന്ദു വിരുദ്ധര്‍’, ‘ഇന്ത്യാ വിരുദ്ധര്‍’ എന്നും രാജ വിളിക്കാറുണ്ട്.

Content Highlight: Tamil Nadu bjp leader H Raja gets angry to reporters who asked about Mahabharata

We use cookies to give you the best possible experience. Learn more