ചെന്നൈ: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. ദുരൈകണ്ണിനെ കാണാതായതായി പരാതി. മാഗലിംഗന്‍ എന്നയാളാണ് പരാതി നല്‍കിയത്. ശശികലയും അവരുടെ കുടുംബവും ചേര്‍ന്ന് മന്ത്രിയെ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പദത്തിനായി ശശികലയും പനീര്‍ശെല്‍വവും തമ്മിലുള്ള അധികാര വടംവലി മുറുകുന്നതിനിടെയാണ് മന്ത്രിയെ കാണാതായിരിക്കുന്നത്. അതേസമയം മന്ത്രിയെ കാണാതായ വിഷയത്തില്‍ ശശികല നിലപാട് വ്യക്തമാക്കിയിട്ടില്ല.
ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ തുടരുന്നതിനിടെയാണ് മന്ത്രിയെ കാണാതായത്. ഇന്ന രാവിലെ രണ്ട് എംപിമാര്‍ കൂടി പനിര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍ എന്നിവരാണ് ഏറ്റവും ഒടുവിലായി പനീര്‍ശെല്‍വം ക്യാംപിലെത്തിയത്. ഇതോടെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെയിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം അഞ്ചായി.
നാമക്കല്‍ എം.പി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എം.പി അശോക് കുമാര്‍, തിരുപ്പൂര്‍ എം.പി സത്യഭാമ എന്നിവരാണ് പനീര്‍ശെല്‍വത്തിനൊപ്പമുള്ള മറ്റ് എം.പിമാര്‍.
Dont Miss ലോ അക്കാദമി കവാടത്തിലെ തൂണുകള്‍ പൊളിച്ചുനീക്കി റവന്യൂവകുപ്പ്
ശശികലയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാര്‍ക്ക് പിന്നാലെ ശശികലയുടെ വിശ്വസ്തന്‍ സി. പൊന്നയ്യനും പനീര്‍ശെല്‍വത്തിനു പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യന്‍.
വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജന്‍, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവരാണ് പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാര്‍. കൂടുതല്‍മന്ത്രിമാര്‍ പനീര്‍ശെല്‍വത്തിന് പിന്നാലെ പോകുന്നത് തടയാനാണ് മന്ത്രിമാരെ ഒളിപ്പിച്ചുവെക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ശശികല തന്നെ നിര്‍ബന്ധിപ്പിച്ചു രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി പനീര്‍ശെല്‍വം രംഗത്തെത്തിയത്. ജയലളിതയുടെ ആത്മാവിന്റെ പ്രേരണയാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തമിഴ്‌നാട് നിയമസഭയില്‍ അണ്ണാ ഡി.എം.കെയ്ക്ക് ആകെ 135 അംഗങ്ങളാണുള്ളത്. അതില്‍ പനീര്‍സെല്‍വമുള്‍പ്പെടെ എട്ടു പേരാണു വിമതസംഘത്തിലുള്ളത്.
സ്പീക്കര്‍ ഉള്‍പ്പെടെ 126 പേര്‍ ശശികല പക്ഷത്തും. സ്പീക്കറെ ഉള്‍പ്പെടുത്താത്തതിനാല്‍ ശശികല പക്ഷം ഇപ്പോള്‍ 126 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.