| Tuesday, 19th June 2018, 7:33 pm

ചെന്നൈ-സേലം എക്‌സ്പ്രസ് ഹൈവേക്കെതിരെ വ്യാപക പ്രതിഷേധം: പരിസ്ഥിതി പ്രവര്‍ത്തകന്‍ പീയുഷ് മനീഷിനെയും അറസ്റ്റു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സേലം: ചെന്നൈ-സേലം എട്ടുവരിപ്പാതയ്‌ക്കെതിരെ പ്രതിഷേധം മുറുകുന്നു. എക്‌സ്പ്രസ്സ് വേയെക്കുറിച്ചും സേലം വിമാനത്താവളത്തിന്റെ വിപുലീകരണത്തെക്കുറിച്ചും പ്രതിഷേധാത്മകമായ അഭിപ്രായം രേഖപ്പെടുത്തിയതിന് പരിസ്ഥിതി പ്രവര്‍ത്തകനായ പീയുഷ് മനീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇതേ വിഷയത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെ അറസ്റ്റു ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് പീയുഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

എക്‌സ്പ്രസ് ഹൈവേ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കായി അണിനിരക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് “പ്രകോപനപരമായ പ്രസംഗം” നടത്തിയെന്നതാണ് പീയുഷിനു നേരെയുള്ള ആരോപണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു.

പീയുഷിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തെന്ന് സേലം പൊലീസ് സൂപ്രണ്ട് സമ്മതിക്കുന്നുണ്ടെങ്കിലും, എന്തിനെക്കുറിച്ചാണ് ചോദ്യം ചെയ്യുന്നതെന്നോ എവിടേക്കാണ് അറസ്റ്റുചെയ്ത് മാറ്റിയിരിക്കുന്നതെന്നോ അറിയാന്‍ സാധിച്ചിട്ടില്ല.

പദ്ധതി തുടര്‍ന്നു കൊണ്ടുപോകാനാണ് തീരുമാനമെങ്കില്‍ ഉദ്യോഗസ്ഥരെ കൊല്ലാനും മടിക്കില്ലെന്ന പരാമര്‍ശത്തിന്റെ പേരില്‍ നേരത്തേ അറസ്റ്റു ചെയ്യപ്പെട്ട മന്‍സൂര്‍ അലിഖാനെ പീയുഷാണ് ഗ്രാമവാസികളോടു സംസാരിക്കാനായി സേലത്തു കൊണ്ടുവന്നത്. മന്‍സൂറിനെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ചു കൊണ്ട് പീയുഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

നിയമമനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, അക്രമങ്ങള്‍ക്കു വഴിയൊരുക്കുന്ന വിധത്തില്‍ ആരു സംസാരിച്ചാലും സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ക്യാബിനറ്റിലെ മുതിര്‍ന്ന മന്ത്രിയും, എ.ഐ.എ.ഡി.എം.കെ വക്താവുമായ ഡി. ജയകുമാര്‍ അറസ്റ്റു വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോടു പറഞ്ഞു.


Also Read:ഒടുവില്‍ ഗവര്‍ണര്‍ ഇടപെട്ടു: കെജ്‌രിവാള്‍ ധര്‍ണ അവസാനിപ്പിച്ചു


പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന നമ്പേട്, സിരുവഞ്ചൂര്‍, ആനന്ദവാടി, അലിയാലമംഗലം, രാവണ്ടവാടി, സൊരക്കുളത്തൂര്‍ ജില്ലകളിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി പ്രവര്‍ത്തിക്കുകയായിരുന്നു പീയുഷ്. പദ്ധതി നിലവില്‍ വരുന്നതോടെ ഏകദേശം 2000 ഹെക്ടര്‍ കൃഷിഭൂമിയാണ് നശിക്കുക എന്നാണ് കണക്കുകള്‍.

നിതിന്‍ ഗഡ്കരിയുടെ ഗതാഗത മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുള്ള ഭാരത് മാലാ പരിയോജനയുടെ കീഴിലാണ് എട്ടു ലക്ഷം കോടിയുടെ പദ്ധതി ഒരുങ്ങുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സ്വപ്‌ന പദ്ധതിയാണിത്.

നിര്‍ദിഷ്ട ചെന്നൈ-സേലം എട്ടുവരിപ്പാത നിരവധി പേരുടെ ജീവിതത്തിന് വിലങ്ങുതടിയാകുമെന്നും, പ്രദേശത്തെ ജൈവസമ്പത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പക്ഷം. പദ്ധതിക്കായി കൃഷിസ്ഥലം തുച്ഛമായ വിലയ്ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നു കാണിച്ച് കര്‍ഷകരും സമരമുഖത്തുണ്ട്.

ഇരു നഗരങ്ങളും ഇതിനോടകം തന്നെ റോഡുമാര്‍ഗം നന്നായി ബന്ധിപ്പിക്കപ്പെട്ട രീതിയിലാണ്. പുതിയ പാത ദൂരത്തില്‍ വെറും 50 കിലോമീറ്റര്‍ വ്യത്യാസം മാത്രമേ വരുത്തൂ എന്നും, ഇത്രയേറെ പാരിസ്ഥിതികാഘാതം വരുത്തിവെച്ചു കൊണ്ട് ഇതിനായി യത്‌നിക്കേണ്ടതില്ലെന്നുമാണ് പ്രദേശവാസികളുടെ പക്ഷം. എന്നാല്‍, ചെന്നൈ-സേലം പാതയിലെ ഗതാഗതക്കുരുക്ക് അഴിക്കേണ്ടത് അനിവാര്യമാണെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വാദിക്കുന്നത്.

We use cookies to give you the best possible experience. Learn more