സിനിമ എന്നത് വെറുമൊരു വിനോദോപാധി മാത്രമല്ല, പലപ്പോഴും ശക്തമായ രാഷ്ട്രീയം സംസാരിക്കാനും അതിലുപരി കഴിഞ്ഞ കാലത്തെ അടയാളപ്പെടുത്താനും സിനിമ എന്ന മാധ്യമത്തിന് സാധിക്കും. കമ്യൂണിസം എന്ന ആശം പലപ്പോഴായി ഇന്ത്യന്‍ സിനിമയില്‍, പ്രത്യേകിച്ച് മലയാളസിനിമയില്‍ സംസാരിക്കപ്പെട്ടിട്ടുണ്ട്. കെ.പി.എസിയുടെ നാടകങ്ങള്‍ സിനിമകളാക്കിയതും ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയാക്കിയതും ഇതില്‍ എടുത്തുപറയേണ്ടതാണ്.
എന്നാല്‍ 90കള്‍ക്ക് ശേഷം അത്തരം സിനിമകളുടെ വരവ് നിലച്ചു. പിന്നീട് രഞ്ജി പണിക്കര്‍ സിനിമകളില്‍ നായകന്റെ തീപ്പൊരി ഡയലോഗുകളിലും സഹനടന്മാരിലും മാത്രം കമ്യൂണിസം ഒതുക്കപ്പെട്ടു. കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളസിനിമയില്‍ കമ്യൂണിസം എന്നത് മാര്‍ക്കറ്റിങ്ങിന് മാത്രമുള്ള ഉപാധിയായി മാറി. കൊമ്രേഡ് ഇന്‍ അമേരിക്ക, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണ്.
എന്നാല്‍ തമിഴ് സിനിമ അതില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്നണ്ട്. കമ്യൂണിസം എന്ന ആശയത്തെ മുഖ്യധാരാ സിനിമകളില്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. കമല്‍ ഹാസന്റെ അന്‍പേ ശിവത്തില്‍ കമ്യൂണിസ്റ്റായ നായകന്‍ എന്ന ചിന്ത അന്ന് വലിയ ചര്‍ച്ചയായിരുന്നു. തമിഴ് രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമായ ‘കീഴ്‌വെണ്മണി കൂട്ടക്കൊല’ തന്റെ മറ്റൊരു ചിത്രമായ വിരുമാണ്ടിയിലും കമല്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നിരുന്നാലും കൊമേഴ്‌സ്യല്‍ സിനിമകളില്‍ ഒരിക്കല്‍ പോലും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല. അവിടെയാണ് തമിഴിലെ പുതുതലമുറയില്‍ പെട്ട സംവിധായകര്‍ വ്യത്യസ്തരാകുന്നത്. പാ. രഞ്ജിത്, വെട്രിമാരന്‍, മാരി സെല്‍വരാജ്, ടി.ജെ. ജ്ഞാനവേല്‍ എന്നിവരുടെ സിനിമകളിലാണ് കമ്യൂണിസം പ്രധാന ആശയമായി കടന്നുവരാറുള്ളത്. വെറും മാര്‍ക്കറ്റിങ് ടൂളായി ഇവരുടെ സിനിമകളില്‍ കമ്യൂണിസത്തെ കാണാന്‍ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജാതീയത ഇന്നും അവസാനിച്ചിട്ടില്ലാത്ത തമിഴ്‌നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. ഇന്നും തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന അസമത്വത്തിനെതിരെ പോരാടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നുണ്ട്. അടുത്തിടെയിറങ്ങിയ മുഖ്യാധാരാ സിനിമകളില്‍ കമ്യൂണിസവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും നടത്തിയ പോരാട്ടങ്ങള്‍ പറഞ്ഞുപോകുന്നുണ്ട്.
പാ. രഞ്ജിത് സംവിധാനം ചെയ്ത കാലയില്‍ നായകനെ കമ്യൂണിസത്തെയും അംബേദ്കറിസത്തെയും പിന്തുടരുന്ന ആളായാണ് കാണിച്ചിരിക്കുന്നത്. സ്വന്തം മകന് ലെനിന്‍ എന്ന് പേരിട്ടതിലൂടെ അയാളുടെ രാഷ്ട്രീയം എന്താണെന്ന് സംവിധായകന്‍ പറഞ്ഞുവെക്കുന്നുണ്ട്. വെട്രിമാരന്റെ അസുരന്‍ എന്ന ചിത്രത്തിന്റെ പ്രധാന ഭാഗം കീഴ്‌വെണ്മണി കൂട്ടക്കൊലയെ പ്രതിപാദിക്കുന്ന ഒന്നാണ്. ദേശീയ അവാര്‍ഡ് വേദിയിലും ചിത്രം തിളങ്ങി.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ എന്ന ചിത്രത്തിലും ചരിത്രത്തിലെ കറുത്ത അധ്യായത്തെ പരാമര്‍ശിക്കുന്നുണ്ട്. ഇരുളവിഭാഗത്തിന് നേരെയുണ്ടായ പൊലീസ് ക്രൂരതയും അതിനെതിരെ അഡ്വക്കേറ്റ് ചന്ദ്രു എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നടത്തിയ നിയമപോരാട്ടവുമാണ് ജയ് ഭീം പറഞ്ഞത്. ചിത്രത്തിന് നിരവധി നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ വാഴൈയിലും കമ്യൂണിസത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ശിവനൈന്ദന്റെ അച്ഛന്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നെന്നും അയാള്‍ മകന് വേണ്ടി കരുതി വെച്ചത് കമ്യൂണിസ്റ്റ് ആശയമായിരുന്നെന്നും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
താനടക്കമുള്ള ഒരു വര്‍ഗത്തെ മുതലാളിസമൂഹം ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്ന കനി എന്ന യുവാവിന് ശിവനൈന്ദന്‍ അരിവാള്‍ ചുറ്റികയുള്ള സ്റ്റിക്കര്‍ സമ്മാനിക്കുന്നുണ്ട്. കമ്യൂണിസം എന്നത് ശിവനൈന്ദന് നല്ല നാളെയിലേക്കുള്ള പ്രതീക്ഷയായാണ് സംവിധായകന്‍ പറഞ്ഞുവെക്കുന്നത്.
ഏറ്റവുമൊടുവില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന വിടുതലൈ 2വിലും കമ്യൂണിസം എന്ന ആശയം നിറഞ്ഞുനില്‍ക്കുന്നുണ്ട്. വിജയ് സേതുപതി അവതരിപ്പിച്ച വാദ്ധ്യാര്‍ (പെരുമാള്‍) എന്ന കഥാപാത്രം സമൂഹത്തിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവനാണ്. വെറുമൊരു സ്‌കൂള്‍ അധ്യാപകനില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകനിലേക്ക് മാറിയതും പിന്നീട് തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതും മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ വെട്രിമാരന് സാധിച്ചു.
കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട കൂലി ലഭിക്കാന്‍ അയാള്‍ നടത്തുന്ന പോരാട്ടവും അതില്‍ പെരുമാള്‍ പറയുന്ന വാക്കുകളും യഥാര്‍ത്ഥ കമ്യൂണിസത്തെ വരച്ചിടുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ കൈപിടിച്ച് ഉയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങള്‍ ഇതുപോലെ മുഖ്യധാരാസിനിമകളില്‍ കാണാന്‍ സാധിക്കുന്നത് പ്രതീക്ഷയാണ്.
Content Highlight: Tamil movies discussing Communism more than Malayalam films