| Friday, 8th September 2023, 11:32 am

ഡബ്ബിങ്ങിനിടയില്‍ കുഴഞ്ഞുവീണു; തമിഴ് നടന്‍ മാരിമുത്തു അന്തരിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ സീരിയല്‍ നടന്‍ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. എതിര്‍നീച്ചല്‍ എന്ന സീരിയലിനായി ഡബ്ബ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തില്‍ വിനാായകന്റെ വലകയ്യായ പനീര്‍ എന്ന കഥാപാത്രത്തെയാണ് മാരിമുത്തു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

അഭിനയത്തിന് പുറമേ രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ അദ്ദേഹത്തിന്റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടിയില്‍ പ്രസിദ്ധി നേടിയിരുന്നു.

2008ല്‍ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ല്‍ പുലിവാല്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എന്‍ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. മണിരത്നം, വസന്ത്, സീമാന്‍, എസ്ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.

1999ല്‍ വാലി എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത ‘യുദ്ധം സെയ്’ എന്ന ചിത്രത്തിലെ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ശ്രദ്ധ നേടിയതോടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടായി. പിന്നീട് ആരോഹണം, നിമിന്‍ന്തുനില്‍, കൊമ്പന്‍ തുടങ്ങി നിരവധി സിനിമകളിലും പൊലീസ് വേഷങ്ങളിലെത്തി.

ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു എത്തിയിരുന്നു. 2021 ല്‍ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രന്‍ഗി രേയിലും അഭിനയിച്ചു. വിക്രം, മായോന്‍, അരുവ സണ്ട, കണ്ണൈ നമ്പാതെ, തീര കാതല്‍ എന്നിവയാണ് ഈ അടുത്ത് മാരിമുത്തുവിന്റേതായി റിലീസ് ചെയ്ത സിനിമകള്‍. ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തില്‍ മാരിമുത്തു അഭിനയിക്കുന്നുണ്ട്.

Content Highlight: Tamil movie serial actor Marimuthu passed away

We use cookies to give you the best possible experience. Learn more