| Sunday, 15th January 2023, 8:29 pm

അസുരനിലും തുനിവിലും കാണിച്ച സെലക്ഷന്‍ മലയാളത്തിലും വേണം | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചെന്നൈ നഗരത്തിലെ ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങിയത്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായികയായെത്തിയത്. ബാങ്ക് കൊള്ളക്ക് നേതൃത്വം നല്‍കിയ വിനായക് എന്ന ഗ്യാങ് ലീഡറിന്റെ പാര്‍ട്ണറായ കണ്‍മണിയായിട്ടാണ് മഞ്ജു ഈ ചിത്രത്തിലെത്തിത്.

ഡയലോഗുകള്‍ അധികം ഇല്ലാത്ത, വളരെ മിതമായി സംസാരിക്കുന്ന, എന്നാല്‍ ആക്ഷന് പ്രാധാന്യമുള്ള കഥാപാത്രമാണ് കണ്‍മണി. വാക്കുകളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിയിലൂടെയാണ് കണ്‍മണി സംസാരിക്കുന്നത്. തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും സ്വാഗ് കൊണ്ടും കണ്‍മണിയെ മഞ്ജു മാസാക്കിയിട്ടുണ്ട്. ചിത്രത്തിലെ തന്റെ ആക്ഷന്‍ രംഗങ്ങളും അവര്‍ അനായാസം തന്നെ ചെയ്തിട്ടുണ്ട്.

മഞ്ജു ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെയധികം വ്യത്യസ്തമാണ് കണ്‍മണി. ഒരു ഗ്യാങ്‌സറ്റര്‍ സിനിമയില്‍ അവര്‍ ഇതിനുമുമ്പ് അഭിനയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. തന്നെയുമല്ല തമിഴില്‍ ഇതിന് മുമ്പ് ചെയ്ത അസുരനിലെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തില്‍ നിന്നും കണ്‍മണിയിലേക്ക് ബഹുദൂരം വ്യത്യാസമുണ്ട്. തമിഴ്‌നാട്ടില്‍ കുഗ്രാമത്തിലുള്ള പച്ചൈയമ്മാള്‍ നാട്ടിന്‍പുറത്തുകാരിയായിരിക്കുമ്പോള്‍ തന്നെ വില്ലന്മാരെ വാക്കത്തിമുനയില്‍ നിര്‍ത്തുന്ന ശക്തമായ കഥാപാത്രമാണ്. കണ്‍മണി മെട്രോപോളിറ്റന്‍ സ്‌റ്റൈലില്‍ തോക്കുകള്‍ കൊണ്ട് സംസാരിക്കുന്ന കഥാപാത്രമാണ്. 2019ലെ അസുരന്‍ റിലീസിന് ശേഷം നാല് വര്‍ഷത്തെ ഗ്യാപ്പ് കഴിഞ്ഞാണ് തുനിവ് മഞ്ജു ചെയ്യുന്നത്.

തമിഴ് സിനിമകളിലെ തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന ഈ സൂക്ഷ്മത മലയാളത്തിലില്ലേ എന്ന ചോദ്യവും കൂടി ഇവിടെ ഉയരുന്നുണ്ട്. 2022ല്‍ മലയാളത്തിലിറങ്ങിയ മഞ്ജു വാര്യറുടെ ചിത്രങ്ങള്‍ മേരി ആവാസ് സുനോ, ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്‍ എന്നിവയാണ്. ഇതിലൊന്ന് പോലും തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രങ്ങളല്ല. ജാക്ക് ആന്‍ഡ് ജില്‍ 2022ലെ ഏറ്റവും മോശം സിനിമകളിലൊന്നുമായി മാറി. തമിഴില്‍ നാല് വര്‍ഷത്തെ ഗ്യാപ്പിനിടക്ക് ചെയ്ത രണ്ട് കഥാപാത്രങ്ങളും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുമ്പോള്‍ മലയാളത്തില്‍ ഒരേ വര്‍ഷം ചെയ്ത മേരി ആവാസ് സുനോയിലേയും ലളിതം സുന്ദരത്തിലേയും കഥാപാത്രങ്ങള്‍ ഏതാണ്ട് ഒരുപോലെയിരിക്കുന്നു. ജാക്ക് ആന്‍ഡ് ജില്‍ പിന്നെ മൊത്തത്തില്‍ പാളിയതുകൊണ്ട് കഥാപാത്രത്തെ എടുത്ത് പറയേണ്ട ആവശ്യമില്ല.

2022ല്‍ മാത്രമല്ല, തിരിച്ചുവരവിന് ശേഷം മഞ്ജു ചെയ്ത സിനിമകളിലെല്ലാം ഈ വിമര്‍ശനം വരുന്നുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യുവിലെ നിരുപമ, റാണി പത്മിനിയിലെ പത്മിനി, ലൂസിഫറിലെ പ്രിയദര്‍ശിനി, ഉദാഹരണം സുജാത പോലെ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങളാണ് മഞ്ജുവിനുള്ളത്. എന്നാല്‍ ആദ്യകാലങ്ങളില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രങ്ങള്‍ മലയാള സിനിമയിലെ തന്നെ മികച്ച കഥാപാത്രങ്ങളായി എണ്ണാനാവും.

പ്രണയവര്‍ണങ്ങളിലെ ആരതിയെ പോലെ, കന്മദത്തിലെ ഭാനുമതിയെ പോലെ, സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ആമിയെ പോലെ, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയെ പോലെ കാമ്പുള്ള കഥാപാത്രങ്ങള്‍ അവരില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. തമിഴ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മഞ്ജു വാര്യര്‍ കാണിക്കുന്ന സൂക്ഷ്മത മലയാളത്തിലും ഉണ്ടാകണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

Content Highlight: tamil movie selection of manju warrier

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്