| Thursday, 14th September 2023, 4:58 pm

'തമിഴ്‌നാട്ടിലെ മലയാളം സിനിമയുടെ ഇമേജ് മാറിയത് മമ്മൂട്ടിയുടെ വരവോടെ, പത്ത് വര്‍ഷം കൊണ്ടാണ് ആ മാറ്റം സംഭവിച്ചത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് തമിഴ് മാധ്യമപ്രവര്‍ത്തകനായ വിഷന്‍. തമിഴ് സിനിമയില്‍ പുതിയ സംവിധായകര്‍ കമലിനെ ഉപയോഗിച്ചത് പോലെയാണ് വലിയ സംവിധായകര്‍ മമ്മൂട്ടിയെ ഉപയോഗിച്ചതെന്ന് ദി വിസിലിന് നല്‍കിയ അഭിമുഖത്തില്‍ വിഷന്‍ പറഞ്ഞു.

‘മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് 50ലധികം പടങ്ങള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ വില്ലനായി മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സീരിയസ് റോള്‍ ചെയ്യാന്‍ തുടങ്ങി. മോഹന്‍ലാല്‍ അപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ അയല്‍വീട്ടിലെ പയ്യന്‍ എന്ന ഇമേജ് നേടിയെടുത്തു.

ഒരു ഘട്ടത്തില്‍ തമിഴ് സിനിമയാകെ മസാലയായി മാറിയപ്പോള്‍ ഭാരതി രാജ, ബാലു മഹേന്ദ്ര മുതലായ സംവിധായകര്‍ വന്നു. അവര്‍ വിചാരിക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ ഒരു ആര്‍ടിസ്റ്റ് വേണമായിരുന്നു. കറക്ടായി ആ സമയത്ത് കമല്‍ സാറും ഇവിടെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇവിടെ മൂണ്ട്രാം പിറൈ, പതിനാറു വയതിനിലെ, സിവപ്പ് റോജകള്‍ എന്നിങ്ങനെയുള്ള സിനിമകള്‍ വന്നത്.

അന്ന് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ തയാറായിരുന്ന ഒരേ ഒരാള്‍ കമലായിരുന്നു. വ്യത്യസ്തമായി ചിന്തിക്കുന്ന പുതിയ സംവിധായകര്‍ കമലിനെ എങ്ങനെ പിടിച്ചോ അതുപോലെ കേരളത്തില്‍ വലിയ എഴുത്തുകാര്‍ മമ്മൂട്ടിയെ പിടിച്ചു. കേരളത്തില്‍ എഴുത്തുകാര്‍ക്ക് വലിയ പ്രധാന്യമുണ്ട്.

ഒരു സമയത്ത് മലയാളം സിനിമ എന്ന് പറഞ്ഞാല്‍ അഡല്‍റ്റ് ഒണ്‍ലി ആയിരുന്നു. നല്ല സിനിമകളും ഉണ്ടായിരുന്നു. ചെമ്മീന്‍ പോലെ ഇന്ത്യ മുഴുവന്‍ പ്രശസ്തമായ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എങ്കില്‍പോലും അഡല്‍റ്റ്‌സ് ഒണ്‍ലി സിനിമകള്‍ ധാരാളം വന്നതുകൊണ്ട് മലയാളം സിനിമകള്‍ക്ക് അങ്ങനെ ഒരു ഇമേജ് വന്നു.

ആ ഇമേജ് മാറിയത് മമ്മൂട്ടിക്ക് ശേഷമാണ്. മമ്മൂട്ടിയുടെ വരവിന് പിന്നാലെ തുടര്‍ച്ചയായി നല്ല മലയാളം സിനിമകള്‍ വരാന്‍ തുടങ്ങി. 80കള്‍ മുതല്‍ 90കള്‍ വരെ തുടര്‍ച്ചയായി നല്ല മലയാളം സിനിമകള്‍ വന്നു. പത്ത് വര്‍ഷം കൊണ്ടാണ് ആ മാറ്റം സംഭവിച്ചത്. അതിന് പ്രധാനകാരണം മമ്മൂട്ടിയാണ്,’ വിഷന്‍ പറഞ്ഞു.

Content Highlight: Tamil journalist Vision talks about the changes brought by Mammootty in Malayalam cinema

We use cookies to give you the best possible experience. Learn more