ചെന്നൈ: തമിഴ്‌നാട്ടില്‍ ഇ.ഡിയുടെ അറസ്റ്റിലായി ക്രിമിനല്‍ വിചാരണ നേരിടുന്ന മന്ത്രി വി. സെന്തില്‍ ബാലാജിക്ക് മന്ത്രി സ്ഥാനത്ത് തുടരാന്‍ അനുമതി നിഷേധിച്ച് ഗവര്‍ണര്‍. മന്ത്രി സെന്തില്‍ ബാലാജി ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാലും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലും അദ്ദേഹത്തിന് പദവിയില്‍ തുടരാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ബാലാജിയെ മന്ത്രി പദവിയില്‍ ഒഴിവാക്കരുതെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ തള്ളുകയായിരുന്നു. സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി, നോണ്‍ കണ്‍വെന്‍ഷണല്‍ എനര്‍ജി വകുപ്പുകള്‍ ധനമന്ത്രി തങ്കം തേനരസിന് നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
സെന്തിലിന്റെ എക്‌സൈസ് വകുപ്പുകള്‍ എസ്. മുത്തുസ്വാമിക്ക് നല്‍കുമെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മന്ത്രിമാരായ എസ് മുത്തുസാമി, തങ്കം തെന്നരശു എന്നിവര്‍ക്ക് നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെയാണ് പുതിയ വകുപ്പുകള്‍ കൂടി അനുവദിച്ചിരിക്കുന്നത്.
സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഭീഷണികള്‍ക്ക് മുന്നില്‍ ഭയപ്പെടുന്നവരല്ല തങ്ങളെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും കലൈഞ്ജരുടെ വാക്കുകള്‍ കടമെടുത്ത് സ്റ്റാലിന്‍ പറഞ്ഞു.
‘ബാലാജിക്കെതിരെ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ്. ബാലാജി ജനങ്ങളാല്‍ തെരഞ്ഞെടുത്ത എം.എല്‍.എ ആണെന്ന് മറക്കരുത്. ആര്‍ക്കും മുമ്പിലും തലക്കുനിക്കില്ല. ഞങ്ങള്‍ക്കും എല്ലാ രാഷ്ടീയവും അറിയാം. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്,’ സ്റ്റാലിന്‍ പറഞ്ഞു.
Content Highlights: Tamil Governor has not agreed for V. Senthil Balaji to continue any longer as minister