ന്യൂദൽഹി: സംസ്ഥാനത്ത് റൂട്ട് മാർച്ച് നടത്താൻ ആർ.എസ് എസിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. റൂട്ട് മാർച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫെബ്രുവരി 10ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട്ടിൽ റൂട്ട് മാർച്ച് നടത്താൻ ആർ.എസ്.എസിന് അനുമതി നൽകിയിരുന്നു. ജനാധിപത്യത്തിൽ പ്രതിഷേധം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി യായിരുന്നു നടപടി.
സ്വാതന്ത്ര്യ ദിനവും, ബി.ആര്. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്നിര്ത്തി 51 കേന്ദ്രങ്ങളില് റൂട്ട് മാര്ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്.എസ്.എസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ആർ.എസ്.എസ് ഇതിനെ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് കോടതിയും ശരിവച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ശരിവച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞു. ഫെബ്രുവരി 12 മുതൽ 19 വരെയുള്ള ഏതെങ്കിലും രണ്ട് ദിവസം മാർച്ച് നടത്താൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. എന്നാൽ പൊലീസ് അനുമതി വീണ്ടും നിഷേധിക്കുകയായിരുന്നു.
പൊലീസിനെതിരെ ആർ.എസ് എസ് കോടതിയലക്ഷ്യം സമർപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
Content Highlight: Tamil government moves supreme court against RSS Route march