സൂര്യ, കാർത്തി, ജ്യോതിക...വയനാടിന് സഹായഹസ്തവുമായി കൂടുതൽ താരങ്ങൾ
Kerala
സൂര്യ, കാർത്തി, ജ്യോതിക...വയനാടിന് സഹായഹസ്തവുമായി കൂടുതൽ താരങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2024, 3:40 pm

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി സിനിമാതാരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക. എന്നിവരാണ്. മൂവരും ചേര്‍ന്ന് 50 ലക്ഷം രൂപയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

രശ്‌മിക മന്ദാന 10 ലക്ഷം രൂപയും നൽകി. കഴിഞ്ഞദിവസം തമിഴ് സിനിമയില്‍ നിന്നും ചിയാന്‍ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. 20 ലക്ഷം രൂപയായിരുന്നു വിക്രം നല്‍കിയത്.

മലയാള സിനിമാ മേഖലയിലെ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള പോസ്റ്റുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്തിരുന്നു.

ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവരടക്കമുള്ളവര്‍ വയനാടിനായി കൈകോര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടി നിഖില വിമല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സൈന്യത്തിന്റെയും ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ഇതിനോടകം തന്നെ മരണം 280 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും 200ലധികം ആളുകളെ കണ്ടെത്താന്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 82 ക്യാമ്പുകളിലായി 8000ലധികം ആളുകളാണ് നിലവില്‍ ക്യാമ്പില്‍ കഴിയുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു നാടിനെ നടുക്കിക്കൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 2019ലെ പുത്തുമല ദുരന്തത്തിന് ശേഷം വയനാടിനെ തകര്‍ത്തതും കേരളത്തില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയതുമായ ഉരുള്‍പൊട്ടലായിരുന്നു ഇത്.

 

Content Highlight: Film Stars Suriya, Karthi And Jyothika Are Help The victims of Wayanad landslide