തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ചെയ്യുന്നത് മൂന്ന് ദിവസത്തേക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (ടി.എഫ്.എ.പി.എ) മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കി.
തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ചെയ്യുന്നത് മൂന്ന് ദിവസത്തേക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (ടി.എഫ്.എ.പി.എ) മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കി.
തമിഴ്നാട്ടില്‍ സമീപകാലത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമകളായ രജിനികാന്തിന്റെ വേട്ടയ്യനും കമല്‍ ഹാസന്റെ ഇന്ത്യന്‍ 2വും എല്ലാം വിചാരിച്ച രീതിയില്‍ തിയേറ്ററുകളില്‍ നിന്ന് കളക്ഷന്‍ നേടിയിരുന്നില്ല. അതിന് പിന്നാലെ ഇറങ്ങിയ സൂര്യ ചിത്രം കങ്കുവയും തിയേറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു. ഈ ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യൂ പരന്നിരുന്നു. ഇത് നിര്‍മാതാക്കള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും തിയേറ്ററിന്റെ ഉള്ളിലേക്ക് കടന്ന് യൂട്യൂബും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിവ്യൂ എടുക്കല്‍ അവസാനിപ്പിക്കണമെന്ന് തമിഴ്നാട് തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്ത് നല്‍കുകയും ചെയ്തിരുന്നു.
അതിന് ശേഷമാണ് റിലീസ് ചെയ്ത മൂന്ന് ദിവസം വരെ ഓണ്‍ലൈന്‍ റിവ്യൂ തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. ഓണ്‍ലൈന്‍ മീഡിയകളിടെ റിവ്യൂ തടയുകയും ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിക്കണം, കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനടക്കം നിര്‍ദേശം നല്‍കണം എന്നുമാണ് ഹരജിയിലെ മറ്റ് ആവശ്യങ്ങള്‍. ഇന്ന് (ഡിസംബര്‍ 3) ജസ്റ്റിസ് സൗഗന്തറിന്റെ ബെഞ്ച് ഹരജി പരിഗണിച്ചേക്കും.
ഇതിന് മുമ്പ് മലയാള സിനിമയിലെ റിവ്യൂ ബോംബിങ്ങിനെ കുറിച്ച് മലയാള സിനിമാ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും അതിന്റെ ഫലമായി കോടതി അമിക്കസ് ക്യൂറിയെ വെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
Content Highlight: Tamil film producers move High Court seeking ban on movie reviews for three days from release