ചെന്നൈ: ദല്‍ഹി പൊലീസ് പിടികൂടിയ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തമിഴ് സിനിമാ നിര്‍മാതാവായ എ.ആര്‍. ജാഫര്‍ സാദിഖെന്ന് റിപ്പോര്‍ട്ട്. പ്രതിയെ പിടികൂടിയ ഉടനെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു.
ന്യൂസിലാന്‍ഡ് കസ്റ്റംസ് അധികൃതരും ഓസ്ട്രേലിയന്‍ പൊലീസും നല്‍കിയ സൂചനയെ തുടര്‍ന്ന് ദല്‍ഹി പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി, സ്യൂഡോഫെഡ്രിന്‍ ഇടപാട് നടത്തുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയിരുന്നു.
യു.എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ വിവരങ്ങള്‍ ഉപയോഗിച്ച് 50 കിലോയോളം വരുന്ന നിരോധിത ലഹരിവസ്തുക്കള്‍ ദല്‍ഹി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഒരു സിനിമാ നിര്‍മാതാവ് ഒളിവിലാണെന്നുമാണ് പൊലീസ് അറിയിച്ചിരുന്നത്.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ എന്‍.ആര്‍.ഐ വിഭാഗത്തിന്റെ ഭാരവാഹികളില്‍ ഒരാള്‍ കൂടിയാണ് ജാഫര്‍ സാദിഖ്. അറസ്റ്റിനെ തുടര്‍ന്ന് ഡി.എം.കെ നിര്‍മാതാവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടിയുടെ അച്ചടക്ക നിയമങ്ങള്‍ ലംഘിച്ച് അപകീര്‍ത്തി വരുത്തിയതിന് എന്‍.ആര്‍.ഐ വിഭാഗമായ ചെന്നൈ വെസ്റ്റ് ജില്ലാ ഘടകത്തിന്റെ ഡെപ്യൂട്ടി ഓര്‍ഗനൈസറെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മരുമകള്‍, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്റെ പങ്കാളിയുമായ കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന സിനിമാ നിര്‍മിച്ചിരിക്കുന്നത് ജാഫര്‍ സാദിഖ് ആണ്. രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ തലവനാണെന്ന് വിശേപ്പിക്കപ്പെട്ടതോടെ തമിഴ് സിനിമാ മേഖല ജാഫര്‍ സാദിഖിനെ തള്ളിപ്പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Tamil film producer A.R. Jafar Sadiq is behind the international drug gang busted by the Delhi Police